സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിളിന് വന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു. പുതിയ ഐഫോണ്‍ 13 സീരീസിന്റെ അവതരണവും മുന്‍ സീരീസ് ഹാന്‍ഡ്‌സെറ്റുകളുടെ വില കുറച്ചതും കൂടുതല്‍ വരുമാനം നേടാന്‍ ആപ്പിളിനെ സഹായിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ ഐഫോണ്‍ വില്‍പനയിലൂടെ 3,890 കോടി ഡോളറിന്റെ (ഏകദേശം 2,91,913.25 കോടി രൂപ) റെക്കോര്‍ഡ് സ്ഥാപിച്ചതായും ആപ്പിള്‍ അറിയിച്ചു.
ഐഫോണ്‍ 12 സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ഐഫോണ്‍ 13 സീരീസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മിക്ക രാജ്യങ്ങളിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വികസിതവും വളര്‍ന്നുവരുന്നതുമായ വിപണികളില്‍ പോലും സെപ്റ്റംബര്‍ പാദത്തില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.
മാക്കിനെ സംബന്ധിച്ചിടത്തോളം വിതരണ പരിമിതികള്‍ക്കിടയിലും 920 കോടി ഡോളറിന്റെ എക്കാലത്തെയും വലിയ വരുമാനം നേടാനായി. എം1-പവര്‍ മാക്ബുക്ക് എയറിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. അവസാനത്തെ അഞ്ച് പാദങ്ങളിലും മാക് വിഭാഗത്തിനു വന്‍ മുന്നേറ്റം നടത്താനായി. കാര്യമായ വിതരണ പരിമിതികള്‍ക്കിടയിലും ഐപാഡ് വില്‍പന 21 ശതമാനം ഉയര്‍ന്ന് 8300 കോടി ഡോളറിലെത്തി.
വെയറബിള്‍സ്, ഹോം, ആക്‌സസറീസ് എന്നിവയില്‍ സെപ്റ്റംബര്‍ പാദത്തില്‍ 880 കോടി ഡോളറിന്റെ വരുമാന നേട്ടവുമായി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. സേവനങ്ങളുടെ കാര്യത്തില്‍ ക്ലൗഡ്, സംഗീതം, വിഡിയോ, പരസ്യം ചെയ്യല്‍, ആപ്പിള്‍കെയര്‍, പേയ്മെന്റ് സേവനങ്ങള്‍ എന്നിവയിലും മികച്ച മുന്നേറ്റം പ്രകടമാണ്.