വിഷ്വല്‍ ടെക്‌നോളജിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ആപ്പിള്‍ വിഷന്‍ പ്രോ

വര്‍ഷം നടന്ന ‘വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിന്റെ’ പ്രധാന ആകര്‍ഷണമായിരുന്നു ആപ്പിള്‍ അവതരിപ്പിച്ച ‘ആപ്പിള്‍ വിഷന്‍ പ്രോ’. ജൂണില്‍ അവതരിപ്പിച്ച ആപ്പിളിന്റെ പ്രീമിയം വിആര്‍ ഹെഡ്‌സെറ്റ് അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്നാണ് വിദഗ്ധ വൃത്തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലായിരിക്കും ആപ്പിളിന്റെ വിഷന്‍ പ്രോ ഹെഡ്സെറ്റുകളുടെ നിര്‍മാണം.

‘വിഷന്‍ പ്രോ’യിലൂടെ വിഷ്വല്‍ ടെക്‌നോളജിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. നിലവിലുള്ള എല്ലാ ടെക് ഉപകരണങ്ങള്‍ക്കും ഭാവിയില്‍ പകരമാകാനുള്ള സാങ്കേതിക വിദ്യയുടെ തുടക്കമാണ് ആപ്പിള്‍ വിഷന്‍ പ്രോയുടെ വരവിലൂടെ സാധിക്കുന്നതെന്നാണ് ടെക് ലോകത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഈ ഹെഡ്‌സെറ്റിന്റെ വില. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം നാല് ലക്ഷം വരെ വില ആയേക്കാം.

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളുടെ വിപണിയില്‍ മെറ്റ അടക്കമുള്ള ടെക് ഭീമന്മാരുടെ ഇടയിലേക്കാണ് ആപ്പിള്‍ വിറ്റ്‌ല് റിയാലിറ്റിയില്‍ തങ്ങളുടെ നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ആപ്പിളിന്റെ വിആര്‍ ഹെഡ്‌സെറ്റിന് ലഭിച്ചത്.100 അടി വലിപ്പവും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും എല്ലാം ആസ്വദിക്കാന്‍ സജ്ജമാക്കിയിട്ടുള്ളതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വിആര്‍ ഹെഡ്‌സെറ്റ്. സ്‌ക്രീനിന്റെ വലുപ്പം ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. ഐഫോണിന്റെ ഒരു പിക്സലിന്റെ സ്ഥാനത്ത് 64 പിക്സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. കൂടാതെ, ഡുവല്‍ ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും വിഷന്‍ പ്രോയിലുണ്ട്. ലോകത്തെ ആദ്യത്തെ സ്പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിഷന്‍ പ്രോയിലുള്ളതെന്നാണ് ആപ്പിളിന്റെ അവകാശ വാദം.

Top