പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം പിന്നിട്ട്‌ ആപ്പിള്‍ വാച്ച്

പ്പിള്‍ വാച്ച് പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. ഐഫോണ്‍ 6 സീരിസ് പുറത്തിറക്കിയതിന് ശേഷം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പുതിയൊരു ഉല്‍പന്നം പുറത്തിറക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും ഉപയോക്താകള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, സേവനങ്ങള്‍ എന്നിവയെ ഒന്നിച്ച് ചേര്‍ക്കാനാണ് ശ്രമമെന്നും പറഞ്ഞിരുന്നു. സ്മാര്‍ട്ട് വാച്ച് എന്ന പുതിയ ഉല്‍പന്നനിര എത്തുന്നതിന്റെ ആദ്യ സൂചനയാണ് ടിം കുക്ക് ഇതിലൂടെ നല്‍കിയത്.

2002ല്‍ ആപ്പിളിന്റെ ചീഫ് ഡിസൈനറായ ജോണി ഐവ് നൈക്കില്‍ നിന്ന് ഹൈ എന്‍ഡ് സ്‌പോര്‍ട്‌സ് വാച്ചുകളുടെ ബോക്‌സുകള്‍ ആവശ്യമുണ്ടെന്ന് അറിയിച്ചു. ഒരു പുതു പരീക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ആപ്പിള്‍. അതിനായിരുന്നു സ്‌പോര്‍ട്‌സ് വാച്ചുകളുടെ ബോക്‌സുകള്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ഏപ്രില്‍ 24നാണ് ഔദ്യോഗികമായി സ്മാര്‍ട്ട് വാച്ച് ആപ്പിള്‍ പുറത്തിറക്കുന്നത്.

പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സെഗ്മെന്റില്‍ എതിരാളികളില്ലാതെ കുതിക്കാന്‍ ആപ്പിള്‍ വാച്ചിന് സാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഡിസൈന്‍ മികവും ഒ.എസിന്റെ സവിശേഷതകളും ബ്രാന്‍ഡ് വാല്യുവും തന്നെയാണ് ജനപ്രീതിക്ക് പിന്നില്‍. ഫിറ്റ്‌നെസ്സ് ഡിവൈസ് എന്നതിലുപരി വീട്ടിലെ ഒരു ഡോക്ടറായി ആപ്പിള്‍ വാച്ച് പരിണമിച്ചത് സീരിസ് 4ഓടെയാണ്. ഇ.സി.ജി എടുക്കാനുള്ള സൗകര്യമാണ് ആപ്പിള്‍ വാച്ച് സീരിസ് 4ല്‍ നല്‍കിയത്. ഇതോടെ മറ്റ് സ്മാര്‍ട്ട് വാച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സമാനതകളില്ലാത്ത ഉല്‍പന്നമായി ആപ്പിള്‍ വാച്ച് മാറി.

ഈ രീതിയില്‍ നിരവധി ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്. ഇതേ വിജയഗാഥ തന്നെയാണ് ആപ്പിള്‍ വാച്ചും പിന്തുടരുന്നത്.

Top