പേറ്റന്റ് തര്‍ക്കത്തെ തുടർന്ന് ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കും

ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ഡിസംബര്‍ 21 മുതല്‍ ഇവ വാങ്ങാന്‍ സാധിക്കില്ല. എസ്പിഒ2 സെന്‍സറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആപ്പിള്‍ വാച്ച് മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കുന്നതിനുള്ള മാസിമോ കോര്‍പ്പിന്റെ ആവശ്യം ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.

ബൈഡന്‍ ഭരണകൂടം ആപ്പിളിന് വേണ്ടി ഇടപെടുകയോ മറ്റേതെങ്കിലും കക്ഷികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയോ ചെയ്തില്ലെങ്കില്‍ ആപ്പിള്‍ വാച്ചുകളുടെ വില്‍പനയ്ക്കുള്ള വിലക്ക് ഡിസംബര്‍ 25 മുതല്‍ നിലവില്‍ വരും. ഡിസംബര്‍ 24 വരെ മാത്രമേ മുമ്പ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ മോഡലുകള്‍ ലഭിക്കൂ.

ഫ്‌ളാഗ്ഷിപ്പ് മോഡലായ സീരീസ് 9, അള്‍ട്ര 2 മോഡലുകളെയാണ് വിലക്ക് ബാധിക്കുക. ആപ്പിള്‍ വാച്ച് എസ്ഇയില്‍ എസ്പിഒ2 സെന്‍സര്‍ ഇല്ലാത്തതിനാല്‍ അതിനെ ബാധിക്കില്ല. എസ്പിഒ2 സെന്‍സറുള്ള മുന്‍ ആപ്പിള്‍ വാച്ച് മോഡലുകളെയും വിലക്ക് ബാധിക്കില്ല. യുഎസില്‍ മാത്രമായിരിക്കും വിലക്ക്. മറ്റ് വിപണികളില്‍ വില്‍പന തുടരും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം നടക്കുന്നുണ്ട്. പള്‍സ് ഓക്‌സിമീറ്ററുകളിലൂടെ ശ്രദ്ധേയരായ മാസിമോ ഐടിസിയിലും സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയിലുമായി രണ്ട് കേസുകളാണ് ആപ്പിളിനെതിരെ നല്‍കിയിരിക്കുന്നത്. തങ്ങളുടെ പള്‍സ് ഓക്‌സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിള്‍ ലംഘിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ വിലക്ക് നിലവില്‍ വരുന്നതിന് മുമ്പ് പ്രസിഡന്റ് പരിശോധിക്കേണ്ടതുണ്ട്. പ്രസിഡന്റ് ജോ ബൈഡന് വേണമെങ്കില്‍ വിലക്ക് വീറ്റോ ചെയ്യാനാവും. അത് സാധാരണമല്ലെങ്കിലും മുമ്പ് ആപ്പിളിന് അത് ഗുണം ചെയ്തിട്ടുണ്ട്. ഐഫോണ്‍ 4, ഐപാഡ് മോഡലുകള്‍ക്ക് മേലുള്ള ഐടിസി വിലക്ക് 2013 ല്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീറ്റോ ചെയ്തിരുന്നു. ഡിസംബര്‍ 25 വരെയാണ് പ്രസിഡന്റിന് വിലക്ക് പരിശോധിക്കാനുള്ള സമയപരിധി.

Top