ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ക്വാണ്ടം കംപ്യൂട്ടിങ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഐമെസേജ് സേവനത്തെ പ്രാപ്തമാക്കുന്നതിനായി പുതിയ ‘പിക്യൂ 3’ (പോസ്റ്റ്-ക്വാണ്ടം 3) ക്രിപ്‌റ്റോഗ്രഫിക് പ്രോട്ടോക്കോള്‍ അവതരിപ്പിച്ച് ആപ്പിള്‍. ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ആപ്പിള്‍ ഇതിലൂടെ നടത്തിയിരിക്കുന്നത്. കാരണം ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗത്തില്‍ വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. എന്നാല്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ആപ്പിള്‍.
ഇന്നുള്ള കംപ്യൂട്ടിങ് സംവിധാനത്തേക്കാള്‍ എത്രയോ മടങ്ങ് ശക്തമായിരിക്കും ക്വാണ്ടം കംപ്യൂട്ടറുകള്‍. നിലവിലുള്ള എന്‍ക്രിപ്ഷന്‍ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ അതിന് ശേഷിയുണ്ടാവും. ആര്‍എസ്എ, എലിപ്റ്റിക് കര്‍വ് ക്രിപ്‌റ്റോഗ്രഫി (ഇസിസി) പോലുള്ള എന്‍ക്രിപ്ഷന്‍ രീതികള്‍ ക്വാണ്ടം കംപ്യൂട്ടറിന് മുന്നില്‍ എത്രത്തോളം പര്യാപ്തമാണ് എന്നതില്‍ സംശയമുണ്ട്. നിലവിലുള്ള കംപ്യൂട്ടറുകള്‍ക്ക് ഈ എന്‍ക്രിപ്ഷനുകള്‍ തകര്‍ക്കാന്‍ സാധിക്കില്ലെങ്കിലും ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് അതിന് സാധിക്കുമെന്നാണ് കരുതുന്നത്.
അതുകൊണ്ടുതന്നെ ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള സൈബറാക്രമണങ്ങള്‍ മുന്നില്‍ കാണുകയാണ് ആപ്പിള്‍. ഹാര്‍വെസ്റ്റ് നൗ, ഡിക്രിപ്റ്റ് ലേറ്റര്‍ എന്ന് വിളിക്കുന്ന ആക്രമണ രീതിയുമായി ബന്ധപ്പെട്ട ആശങ്ക സാങ്കേതിക രംഗത്ത് ഇതിനകം ഉയരുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എന്‍ക്രിപ്ഷന്‍ രീതികളെയെല്ലാം മുന്‍നിര്‍ത്തി ഭാവിയില്‍ ക്വാണ്ടം കംപ്യൂട്ടര്‍ ഉപയോഗിച്ച് ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടാകാം എന്നാണ് ആശങ്ക.