ആപ്പിള്‍ ‘ഐ’ഫോണില്‍ അത്ഭുതങ്ങള്‍, പ്രതീക്ഷ കൈവിടാതെ ടെക് ലോകം

ലോകത്തെ ആഢംബര ഫോണുകളില്‍ രാജാവാണ് ആപ്പിളിന്റെ ഐ ഫോണ്‍. 2007 ജൂണ്‍ 29ന് വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വരവറിയിച്ചത്. പിന്നീട് പുതുക്കിയ പതിപ്പേടെ എല്ലാ വര്‍ഷവും സ്‌റ്റൈലിഷ് ഐ ഫോണുകളെ ആപ്പിള്‍ വിപണിയിലെത്തിച്ചു. ലോകത്ത് ഒരു പോലെ പ്രിയമേറിയ ഐഫോണുകള്‍ക്ക് ഇന്ത്യയിലും വലിയ മാര്‍ക്കറ്റാണ് ഉള്ളത്. അതു കൊണ്ട് തന്നെ 2019ലെ ഐ ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

ഇത്തവണ ബോറിങ് അപ്‌ഡേറ്റ് ആയിരിക്കും ഐ ഫോണില്‍ ഉണ്ടാകുക എന്ന ഒരു മുന്‍ വിധി പരക്കെ ഉണ്ടെങ്കിലും പ്രതീക്ഷക്ക് ഒട്ടും കുറവുമില്ല. ചരിത്രത്തിലാദ്യമായി ഒരു ട്രിപ്പിള്‍ ക്യാമറാസിസ്റ്റമാണ് ആപ്പിള്‍ ഇത്തവണ കൊണ്ടുവരുന്നത്. മറ്റു എതിരാളികള്‍ മുന്‍പേ പരീക്ഷിച്ച ഫീച്ചറാണ് ഇതെങ്കിലും ആപ്പിള്‍ ടെക്‌നോളജിയില്‍ ട്രിപ്പിള്‍ ക്യാമറാസിസ്റ്റം വരുമ്പോള്‍ അതിന് മികവ് കൂടുക സ്വാഭാവികമാണ്. ഒരു ബ്രാന്‍ഡ് എന്ന രീതിയില്‍ നോക്കിയാലും ആപ്പിളിന്റെ അടുത്ത് പോലും എത്താന്‍ മറ്റൊരു കമ്പനിക്കും കഴിയുകയില്ല. പുതിയ മോഡലുകള്‍ സെപ്റ്റംബറില്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള ഐഫോണ്‍ Xs/Xs, മാക്‌സ് XR എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകളുടെ മൂന്ന് മോഡലുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവയില്‍ത്തന്നെ മൂന്ന് മോഡലുകള്‍ക്കോ, ആദ്യ രണ്ടു മോഡലുകള്‍ക്കോ ട്രിപ്പിള്‍ പിന്‍ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

പുതിയ ഐഫോണ്‍ മോഡലുകള്‍ മറ്റ് പഴയ മോഡലുകളേക്കാള്‍ ഏറെ ശക്തിയുള്ളതാവാനാണ് സാധ്യത. എക്‌സ്ട്രീം അള്‍ട്രാവയലറ്റ് ലിതോഗ്രാഫി പ്രയോജനപ്പെടുത്തുന്ന ആദ്യ ഐഫോണ്‍ പ്രോസസറായിരിക്കും ഇത്. പ്രോസസറിന്റെ പേര് A13 ബയോണക് എന്നായിരിക്കാനുള്ള സാധ്യതയാണുള്ളത്.

XS/XS മാക്‌സ് മോഡലുകളുടെ പിന്‍ഗാമികളുടെ മുകളില്‍ ഇടതു ഭാഗത്ത് ഒരു ചെറു ചതുരത്തില്‍ ഉള്‍പ്പെടുത്തിയ മൂന്നു ക്യാമറകളായിരിക്കും പുതിയ മോഡലുകളുടെ മുഖമുദ്ര. XRന്റെ പിന്നിലും ഇത്തരമൊരു ചതുരം ഉണ്ടാകാമെന്നും എന്നാല്‍ അതില്‍ രണ്ടു ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക എന്നുമാണ് പ്രതീക്ഷഎന്നാല്‍ ഈ വാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവിലുള്ളവയില്‍ പരമ്പരാഗത ക്യാമറ, ടെലി ലെന്‍സ് എന്നിങ്ങനെ പരമാവധി രണ്ട് ക്യാമറകളാണുള്ളത്. എന്നാല്‍ പുതിയതായി നല്‍കാന്‍ ഉദ്ദേശിക്കുന്ന ക്യാമറയ്ക്ക് ഒരു സൂപ്പര്‍ വൈഡ് മൊഡ്യൂളായിരിക്കും നല്‍കുക. ഇതിനോടൊപ്പം തന്നെ ഒരു സോഫ്‌റ്റ്വെയര്‍ ഫീച്ചറായ സ്മാര്‍ട് ഫ്രെയിമും ഇണക്കിയിട്ടുണ്ട്. ഫോട്ടോ എടുത്ത ശേഷം ഫ്രെയ്മും വീക്ഷണകോണും പുനക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ കുറച്ച് കാലം ഫോണില്‍ സൂക്ഷിച്ച ശേഷം ഡിലീറ്റ് ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഫോണില്‍ ചെയ്യുന്ന കാര്യങ്ങളും പോകുന്ന വഴിയും മുഴുവന്‍ ട്രാക്കു ചെയ്യുന്ന സോഫ്‌റ്റ്വെയര്‍ സൃഷ്ടാക്കളെപ്പോലെയല്ലാതെ ചില കാര്യങ്ങളില്‍ ആപ്പിള്‍ മറ്റുള്ള ഫോണുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്.

എന്നാല്‍ ഈ ഫീച്ചര്‍ XR മോഡലിന് കിട്ടിയേക്കില്ല. എന്നാല്‍ മൂന്നു മോഡലുകളുടെയും മുന്‍ ക്യാമറയ്ക്ക് സൂപ്പര്‍ സ്ലോമോഷന്‍ വിഡിയോ റെക്കോഡിങ് ശേഷി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആപ്പിളിന്റെ പകര്‍ത്താനാവാത്ത ഫീച്ചറാണ് 3ഡി ടച്ച്. ഇതിന്റെ വേറിട്ട വേര്‍ഷന്‍ ആപ്പിള്‍ വാച്ചുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ആപ്പിള്‍ നിര്‍ത്തുകയാണെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പകരം പുതിയ ടാപ്റ്റിക് എന്‍ജിനുകള്‍ അവതരിപ്പിക്കും.

നിലവില്‍ ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമൊക്കെ ഇപ്പോള്‍ പുതിയ 12.4 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളിലൊന്നാണ് ഐഫോണ്‍ മൈഗ്രേഷന്‍ ടൂള്‍. പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ പഴയ ഫോണിലെ ആവശ്യമുള്ള ഡേറ്റ പകര്‍ത്താനുള്ള ടൂളാണിത്.

ആപ്പിള്‍ ഫോണുകളില്‍ വരുത്തുന്ന പുതിയ ഫീച്ചറുകള്‍ ഫോണിന്റെ നിലവാരം ഉയര്‍ത്തും എന്ന് തന്നെയാണ് ടെക് ലോകം പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ 2020ഓടെ കൊണ്ടുവരാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്.

Top