ആപ്പിളിന്റെ ഐക്ലൗഡ് സെര്‍വറുകളിലാണ് ഐഫോണ്‍ ഉപയോക്താക്കളുടെ കോള്‍രേഖകള്‍ ശേഖരിക്കപ്പെടുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കമ്പനിയാണ് ആപ്പിള്‍ എന്നാണ് പൊതുധാരണ.
ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ കോള്‍ വിവരങ്ങള്‍ പങ്കുവെക്കാനുളള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ ആവശ്യം കമ്പനി പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഐഫോണില്‍ നിന്ന് പുറത്തേക്കും അകത്തേക്കും വന്നുകൊണ്ടിരിക്കുന്ന എല്ലാ വിളികളുടെയും വിവരങ്ങള്‍ ആപ്പിളിന്റെ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന് വാര്‍ത്ത ഉപഭോക്താക്കകളെ ഞെട്ടിച്ചിരിക്കുകയാണ്.
ആപ്പിളിന്റെ ഓണ്‍ലൈന്‍ സിങ്കിങ് സേവനമായ ഐക്ലൗഡിലേക്കാണ് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത്. വിളിച്ച നമ്പര്‍, സമയം, സംസാരത്തിന്റെ ദൈര്‍ഘ്യം എന്നിവയെല്ലാം സൂക്ഷിക്കപ്പെടുന്നു.
ഫോണ്‍ വിളി മാത്രമല്ല സ്‌കൈപ്പ്, വൈബര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ തേഡ്പാര്‍ട്ടി വോയ്‌സ് ഐ.പി. ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ ചാറ്റിന്റെ വിശദാംശങ്ങളും ഐക്ലൗഡ് സര്‍വറിലെത്തുന്നു.
ആപ്പിള്‍ ഐ.ഒ.എസിലുളള വീഡിയോ കോളിങ് സംവിധാനമായ ‘ഫേസ്‌ടൈം’ വഴി നടത്തിയ വീഡിയോ കോളുകളുടെ വിവരങ്ങളും ശേഖരിക്കപ്പെടുന്നുണ്ട്. നാല് മാസം വരെ ഇത്തരം കോളുകളുടെ വിവരങ്ങള്‍ ഐക്ലൗഡിലുണ്ടാകും.
2015 മാര്‍ച്ചിലിറങ്ങിയ ഐഒഎസ് 8.2 അപ്‌ഡേറ്റ് മുതല്‍ക്കാണ് ഇത്തരമൊരു വിവരശേഖരണം ആപ്പിള്‍ ആരംഭിച്ചത്. റഷ്യയിലെ ഡിജിറ്റല്‍ ഫോറന്‍സിക് സംരംഭമായ എല്‍കോംസോഫ്റ്റ് ആണ് ആപ്പിളിന്റെ ഈ വിവരം ചോര്‍ത്തല്‍ വിഷയം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഐക്ലൗഡ് അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് ഉണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളുടെ കോള്‍ വിവരങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമുള്ളതിനാല്‍ ഐഫോണുകള്‍ തമ്മില്‍ അയയ്ക്കുന്ന സന്ദേശങ്ങളോ നടത്തുന്ന സംഭാഷണങ്ങളോ ചോര്‍ത്തിയെടുക്കാന്‍ സുരക്ഷാഏജന്‍സികള്‍ക്ക് ഇതുവരെ സാധിക്കല്ലായിരുന്നു.
എന്നാല്‍ വിവരങ്ങള്‍ ക്ലൗഡില്‍ സൂക്ഷിക്കുന്നതുകൊണ്ട് ഇനിയീ വിവരങ്ങള്‍ പരിതിയെടുക്കുക എളുപ്പമായിരിക്കുകയാണ്.
ആപ്പിളിന്റെ വ്യത്യസ്ത ഗാഡ്ജറ്റുകളായ ഐഫോണ്‍, ഐപാഡ്, ഐമാക് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അതിലെ വിവരങ്ങള്‍ കൈമാറാനാണ് ഐക്ലൗഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഐഫോണില്‍ സേവ് ചെയ്തിരിക്കുന്ന ഒരു ഫോണ്‍ നമ്പര്‍ ഐപാഡിലും കിട്ടുമെന്നതാണ് ഇതിന്റെ ഗുണം.
ഈമെയിലുകള്‍, കോണ്ടാക്റ്റുകള്‍, കലണ്ടര്‍, റിമൈന്‍ഡര്‍, ബ്രൗസര്‍ ചരിത്രം എന്നിവയെല്ലാം ഇങ്ങനെ ക്ലൗഡ് വഴി കൈമാറ്റം ചെയ്യപ്പെടുന്നു. ഇവയ്‌ക്കൊപ്പം ഫോണ്‍ വിളികളുടെ വിവരങ്ങള്‍ കൂടി സിങ്ക് ചെയ്യപ്പെടുന്നു.
ഫോണ്‍ വിളികള്‍ മാത്രം സിങ്ക് ചെയ്യേണ്ടെന്ന് കരുതിയാല്‍ നടപ്പില്ല. അതു മാത്രമായി ഒഴിവാക്കാനുള്ള ഓപ്ഷന്‍ ഐഒഎസിലില്ല . പിന്നെ ചെയ്യാനുള്ളത് ഐക്ലൗഡ് സംവിധാനം പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ പല രേഖകളുടെയും ക്ലൗഡ് ബാക്ക്അപ്പ് നടക്കുകയുമില്ല.
ഫോണ്‍ വിളികള്‍ ശേഖരിക്കപ്പെടാതിരിക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളൂ. ഓരോ തവണ വിളിച്ചുകഴിഞ്ഞാലും ഉടന്‍ തന്നെ കോള്‍ ലോഗ് എടുത്ത് ആ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുക.
ഓരോ തവണ വിളിക്കുമ്പോഴും അങ്ങനെ ചെയ്യുകയെന്നത് പ്രായോഗികമല്ല. ഡിലീറ്റ് ചെയ്യാന്‍ വിട്ടുപോയ കോളുകളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ക്ലൗഡിലേക്ക് കയറുകയും ചെയ്യും.
ആപ്പിളിനോ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കോ എപ്പോള്‍ വേണമെങ്കിലും ഈ ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ടെന്ന കാര്യം ആപ്പിള്‍ അധികൃതരും സമ്മതിക്കുന്നുണ്ട്.ഉപയോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഇത്തരം വിവരങ്ങള്‍ ക്ലൗഡ് സെര്‍വറില്‍ ശേഖരിക്കുന്നത്.
എന്‍ക്രിപ്റ്റഡ് രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ വീണ്ടുമെടുക്കണമെങ്കില്‍ ആപ്പിള്‍ ഐഡിയും പാസ്‌വേഡും വേണം.
വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി എല്ലാ ഉപയോക്താക്കളും ശക്തിയേറിയ പാസ്‌വേഡുകള്‍ ഉപയോഗിക്കാനും രണ്ട് ഘട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും അഭ്യര്‍ഥിക്കുകയാണ്’,എല്‍കോംസോഫ്റ്റിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണം ഇതായിരുന്നു.
ഐഫോണ്‍ ആരാധകരെ ഈ വെളിപ്പെടുത്തല്‍ ഞെട്ടിച്ചുണ്ടെങ്കിലും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ സംബന്ധിച്ച് ഇതു വലിയ വാര്‍ത്തയേയല്ല. ആന്‍ഡ്രോയ്ഡ് ഫോണിലൂടെ വിളിക്കുന്ന കോളുകളുടെ വിവരങ്ങള്‍ മാത്രമല്ല കണ്ട വെബ്‌സൈറ്റുകളുടെയും പോയ സ്ഥലങ്ങളുടെയും മുഴുവന്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍വറില്‍ അപ്‌ലോഡ് ആകുന്നു എന്നതുകൊണ്ടാണിത്.
പക്ഷേ ഇത്തരം കാര്യങ്ങള്‍ സുക്ഷിക്കപ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ആ സേവനം ‘ഡിസേബിള്‍’ ചെയ്യാനുളള സൗകര്യം ആന്‍ഡ്രോയ്ഡിലുണ്ട് എന്നതാണ് ശ്രദ്ധേയമായ വസ്തുത.
ഈ സൗകര്യമാണ് നിലവില്‍ ആപ്പിളില്‍ ഇല്ലാത്തതും.