സ്വയം ഓടുന്ന കാര്‍ ടെക്‌നോളജി യാഥാര്‍ഥ്യമാക്കാനൊരുങ്ങി ആപ്പിള്‍

ട്ടോണമസ് കാര്‍ ടെക്‌നോളജി യാഥാര്‍ഥ്യമാക്കാനൊരുങ്ങി ആപ്പിള്‍. ഈ സ്വപ്നപദ്ധതി കഴിഞ്ഞ വര്‍ഷം കമ്പനി ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കെയാണ് സ്വയം നിയന്ത്രിത കാര്‍ ടെക്‌നോളജിയുടെ അവസാന ഘട്ടത്തിലേക്ക് ആപ്പിള്‍ കടക്കുന്നത്.

കാലിഫോര്‍ണിയന്‍ നിരത്തില്‍ ഓട്ടോണോമസ് കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ആപ്പിളിന് ലഭിച്ചു കഴിഞ്ഞു.

ഫോക്‌സ്വാഗണ്‍, മെഴ്‌സിഡീസ് ബെന്‍സ്, ഫോര്‍ഡ്, ടെസ്ല, ഗൂഗിള്‍ തുടങ്ങി മുപ്പതോളം കമ്പനികള്‍ക്ക് ഓട്ടോണോമസ് കാറുകളുടെ പരീക്ഷണത്തിനുള്ള അനുമതി കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നല്‍കിയിരുന്നു.

പരീക്ഷ ഓട്ടം ഇതിനോടകം ആപ്പിള്‍ നടത്തിയതായി കാലിഫോര്‍ണിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവറില്ലാ കാറിനുള്ള സോഫ്‌റ്റ്വെയര്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനം മുതല്‍ കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കിയാണ് ആപ്പിള്‍ നീങ്ങിയിരുന്നത്. അതിനാല്‍തന്നെ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രോജക്ട് ടൈറ്റന്‍ എന്ന കോഡ് നെയിമിലാണ് ആപ്പില്‍ ഈ പദ്ധതി ആരംഭിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറങ്ങുക.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെസ്ലയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്താണ് ടെസ്ല. ആദ്യഘട്ടം വിജയകരമായാല്‍ അധികം വൈകാതെ ആദ്യ പ്രൊഡക്ഷന്‍ മോഡല്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

Top