തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. അപേക്ഷകള്‍ക്കുള്ള നിബന്ധനകളും നടപടിക്രമവും ലളിതമാക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധമാകും ഇനി മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജനങ്ങള്‍ക്ക് എത്രയും എളുപ്പം ലഭ്യമാകും വിധം എല്ലാ നിബന്ധനകളും നടപടി ക്രമങ്ങളും ലളിതമാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഇനി മുതല്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സേവനത്തിന് ഫീസിനത്തില്‍ പണം നല്‍കേണ്ടതില്ല. ബിസിനസ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഫീസ് തുടരും. സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി.
ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് എന്ന് സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളും രേഖകളും നോട്ടറിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം എന്ന വ്യവസ്ഥ ഒഴിവാക്കി. അപേക്ഷകന് ഇവ സ്വയം സാക്ഷ്യപ്പെടുത്താം. കേരളത്തില്‍ ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റ് , അഞ്ചു വര്‍ഷം പഠിച്ചതിന്റെ തെളിവ്, സത്യപ്രസ്താവന എന്നിവ നേറ്റിവിറ്റി രേഖയായി കരുതും.
റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍, വൈദ്യുതി ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവ മതി. വിദ്യാഭ്യാസരേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് വേണ്ട. ലൈഫ് സര്‍ട്ടിഫിക്കറ്റിന് ജീവന്‍ പ്രമാണ്‍ ഉപയോഗിക്കാം. റേഷന്‍ കാര്‍ഡ് ആധാര്‍ തുടങ്ങിയവ ബന്ധുത്വ രേഖക്ക് പകരമാണ്.
തിരിച്ചറിയല്‍ രേഖ കിട്ടാന്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് മതിയാകും. വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തുന്നത് ജാതി സര്‍ട്ടിഫിക്കറ്റിയി കണക്കാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ക്‌ളിയറന്‍സിനായി ഓണ്‍ലൈനായി രേഖകള്‍ നല്‍കാം. ഈ സമഗ്രമായ മാറ്റങ്ങളിലൂടെ സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ സൗജന്യമായും എളുപ്പത്തിലും നല്‍കാനും കാലതാമസം, കൈക്കൂലി എന്നിവ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.