വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം

highcourt

കൊച്ചി: വിജിലന്‍സില്‍ ഡയറക്ടറെ നിയമിക്കാത്തതില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം.

ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ളയാളെ സ്ഥിരം ഡയറക്ടറായി നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തുന്നുന്നുണ്ട്. ഇതില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാകൂ.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിന് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയില്‍ നിരത്തുന്നത്. ഒട്ടേറെ ചുമതലകളുള്ള സംസ്ഥാന പൊലീസ് മേധാവിക്ക് ഈ ചുമതല സമയബന്ധിതമായി നിര്‍വഹിക്കാനാകില്ല. മുന്‍പ് എഡിജിപി റാങ്കിലുള്ളവരും വിജിലന്‍സ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യോഗ്യനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്കു നിയമിക്കണമെന്നും കോടതി ആരാഞ്ഞു.

കാംകോയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന മുന്‍മന്ത്രി കെ.പി. മോഹനന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.

Top