ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ ന്യായാധിപന്‍ സുപ്രീംകോടതിയെ സമീപിച്ചു.
മഹാരാഷ്ട്രയിലെ ജില്ലാ കോടതിയില്‍ നിന്നും വിരമിച്ച ജി.ഡി. ഇന്തമാര്‍ ആണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവുമാണെന്ന് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
കൊളീജിയം നിര്‍ദ്ദേശിച്ചത് പ്രകാരം നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നും കൊളീജിയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കണമെന്നും ഇക്കാര്യത്തില്‍ താമസം വരുത്തരുതെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ജനുവരിയിലാണ് കെ. എം. ജോസഫിനെയും ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഏപ്രില്‍ 27-ന് കേന്ദ്രം ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിക്കുകയും കെ. എം. ജോസഫിന്റെ ഫയല്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ നിന്നുള്ള ജഡ്ജിമാരുടെ പ്രാതിനിധ്യം ഉയരുമെന്ന് കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നീക്കം. അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളീജിയം യോഗം നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് അയക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താതെ പിരിഞ്ഞു.
കൊളീജിയത്തില്‍ ഭിന്നത ഉടലെടുത്തതായാണ് സൂചന. ഒരിക്കല്‍ മടക്കിയ ശുപാര്‍ശ കൊളീജിയം വീണ്ടും സമര്‍പ്പിച്ചാല്‍ കേന്ദ്രം നിയമനം നല്‍കേണ്ടി വരും.