തിരുവനന്തപുരം: മേയർ ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാരിൻറെ വാദം.
സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 10 പേരുടെ മൊഴികളും രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ലെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല.
താൻ എഴുതിയതല്ല ആ കത്ത് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ. എന്നാൽ മേയറുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാർട്ടിക്കും മറുപടിയില്ല.