തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുസ്ലീം ലീഗിനെ സഹായിച്ചു എന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ പരാതിയെതുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും വി. മുരളീധരനെ മാറ്റാന്‍ തിരക്കിട്ട കൂടിയാലോചന.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആര്‍എസ്എസ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്.
യോഗ്യത സംബന്ധിച്ച് വിവാദമുയര്‍ന്ന വ്യക്തിയെ നിയമിക്കുന്നത് തടയാന്‍ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സമീപിക്കണമെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം മുരളീധരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതെ വി.സിയെ പ്രഖ്യാപിച്ചശേഷം മുരളീധരന്‍ ഗവര്‍ണര്‍ക്കെതിരെ പ്രസ്താവന നടത്തി നാടകം കളിച്ചുവെന്നായിരുന്നു കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ പരാതി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നോമിനിയായ കേരള ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ നടത്തിയ പ്രസ്താവന അമിത്ഷായെ ചൊടിപ്പിച്ചിട്ടുണ്ട്.
കാലിക്കറ്റ് വി.സിയായി നിയമിതനായ ഡോ. മുഹമ്മദ് ബഷീറിനൊപ്പം ഡോ. വി പ്രസന്നകുമാര്‍, ഡോ. എ. രാമചന്ദ്രന്‍ എന്നിവരുടെ പേരുകളും സെലക്ട് കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരില്‍ ഡോ. ബഷീര്‍ ഒഴികെയുള്ള ആരെയെങ്കിലും നിയമിക്കുക എന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് നല്‍കിയത്. എന്നാല്‍ ലീഗ് താല്‍പപര്യം സംരക്ഷിക്കാനായി മുരളീധരന്‍ ഇത് പാലിച്ചില്ലെന്നാണ് ആരോപണം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാനായി മുരളീധരന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടത്രെ. അവിടെ ലീഗ് സഹായിക്കുമെന്ന ധാരണയിലാണ് വി.സി നിയമനത്തില്‍ ലീഗിനെ തുണച്ചതെന്നാണ് ആരോപണം.
ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെ ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ മുരളീധരന്‍ സംസാരിക്കാന്‍ അനുവദിക്കാത്ത പരാതിയും കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്.
മുരളീധരനെ മാറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വത്തിന് വിശ്വസ്ഥരായ പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി ബിജെപി മുന്നണിയില്‍ ചേരാനൊരുങ്ങുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുരളീധരനോട് അതൃപ്തിയുണ്ട്.
ആര്‍എസ്എസ് നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ നടക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുരളീധരന്‍ എത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് പ്രസംഗിക്കാനുള്ള അവസരം നല്‍കിയിരുന്നില്ല.