തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് തകില്‍ അടിയന്തിരക്കാരനായി ദളിത് കലാകാരന് ദേവസ്വത്തില്‍ നിയമനം. തൃശൂര്‍ എരുമപ്പെട്ടി കരിയന്നൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ സതീഷിനെയാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിച്ചത്. ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് വാദ്യ അടിയന്തിര വിഭാഗത്തില്‍ ദളിതനായ കലാകാരന്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
ദളിതനായതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് വാദ്യാപേകരണം വായിക്കാന്‍ അവസരം ലഭിക്കാത്ത ഒട്ടേറെ കലാകാരന്‍മാരുണ്ടായിരുന്നു. ഇലത്താളം കലാകാരനെ പുറത്താക്കിയതും കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോടിനെ ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടതുമുള്‍പ്പെടെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് ദേവസ്വവും സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.