തിരുവനന്തപുരം: ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പെര്‍സണ്‍ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് മണികുമാര്‍. മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമെന്നും ചെന്നിത്തല ആരോപിച്ചു.
2018-ലെ മഹാപ്രളയം സര്‍ക്കാരിന്റെ പരാജയം മൂലമുണ്ടായ മനുഷ്യനിര്‍മ്മിത ദുരന്തമായിരുന്നു. ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ സംഭവത്തില്‍ സ്വമേധയാ നടപടിയെടുക്കുകയുണ്ടായി. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ ഭരണസംവിധാനത്തിന് സംഭവിച്ച വീഴ്ചയും, സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായ നഷ്ടവും കണ്ടെത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
കൊവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗളര്‍ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റീസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സര്‍ക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്.
ഇക്കാരണങ്ങളാല്‍ ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. ആ ശുപാര്‍ശ സ്വീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. മാത്രമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷന്‍ 4 അനുസരിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനുമല്ല. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.