ന്യൂഡല്‍ഹി : ലോക്പാല്‍ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളിയ കോടതി നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്പാലിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന സര്‍ക്കാരിന്റെ വിശദീകരണവും കോടതി അംഗീകരിച്ചില്ല. ലോക്പാല്‍ നിയമനത്തിന് സമയ പരിധി വെക്കാത്തതിനെയും സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും ബെഞ്ച് വിമര്‍ശിച്ചു.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ആര്‍. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് സത്യവാങ്മൂലം തള്ളിയത്. ലോക്പാല്‍ നിയമം വന്ന് നാലര വര്‍ഷമായിട്ടും നിയമനം നടത്താത്തതിനാല്‍ സര്‍ക്കാറിന് അതിന് താത്പര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കോടതി അന്വേഷിക്കുന്നതുകൊണ്ടു മാത്രമാണ് യേകഗങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് ഒരു ഫലവുമില്ലെന്നും ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.