തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി കേരള സര്‍വകലാശാല. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല. കേസുകള്‍ തീര്‍പ്പായ ശേഷം പ്രതിനിധിയെ നല്‍കിയാല്‍ മതിയെന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ രജിസ്ട്രാര്‍ക്ക് രേഖാമൂലം നിയമോപദേശം നല്‍കി.
കണ്ണൂര്‍ സര്‍വകലാശാല കേസിലെ വിധി ആയുധമാക്കി എട്ട് സര്‍വകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാനാണ് ഗവര്‍ണറുടെ നീക്കം. ഇതിന്റെ ഭാഗമായാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ പ്രതിനിധികളെ നല്‍കാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടത്. ചാന്‍സലര്‍, യുജിസി, സര്‍വകലാശാലാ പ്രതിനിധികള്‍ എനിനവര്‍ അടങ്ങുന്ന സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന ലിസ്റ്റില്‍ നിന്നാണ് ചാന്‍സലര്‍ വിസിയെ നിയമിക്കുക. എന്നാല്‍ ഈ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ട എന്നാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം.
സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ നാമനിര്‍ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അതിനാല്‍ സെനറ്റ് യോഗം ചേര്‍ന്ന് സര്‍വകലാശാല പ്രതിനിധിയെ തീരുമാനിക്കാന്‍ കഴിയില്ല, മാത്രമല്ല സെര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്ന ബില്ല് ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ് തുടരുകയുമാണ്. ഇതാണ് ഗവര്‍ണറുടെ ആവശ്യം തള്ളണമെന്ന നിയമോപദേശത്തിന് കാരണം.
സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തില്‍ 2018 ലെ യുജിസി ചട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റി മൂന്ന് മുതല്‍ അഞ്ച് വരെ പേരുടെ പട്ടിക നല്‍കണമെന്നാണ് പറയുന്നത്. എന്നാല്‍ സര്‍വകലാശാല നിയമനത്തില്‍ സമിതിക്ക് ഏകകണ്ഠമായി ഒരു പേര് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം പട്ടിക നല്‍കണം എന്നാണ് നിര്‍ദേശം. ഈ വൈരുദ്ധ്യവും ഹൈക്കോടതിയിലെ സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സല്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെ പ്രതിനിധിയെ നല്‍കാനാവില്ലെന്ന കാര്യം സര്‍വകലാശാല ഗവര്‍ണറെ രേഖാമൂലം അറിയിക്കാനിടയില്ല. സിന്‍ഡിക്കേറ്റുമായി ഇടഞ്ഞു നില്‍ക്കുന്ന നിലവിലെ വിസി ഡോ. മോഹനന്‍ കുന്നുമ്മേലിന് സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നല്‍കണമെന്നാണ് നിലപാട്.