തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ രണ്ടാമനും ഡിജിപിയുമായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാത്തതിനെ ചോദ്യം ചെയ്ത് വി.എസ് രംഗത്ത്.
എഡിജിപിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഡിജിപിയല്ലാത്തയാളെ ഡയറക്ടറായി കേന്ദ്രാനുമതിയില്ലാതെ നിയമിക്കാനാവില്ല. ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലുള്ള ഡിജിപിമാരുടെ അയോഗ്യത സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു.
വിന്‍സന്‍ പോള്‍ വിരമിക്കുന്ന ഒഴിവില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയിരുന്നത്. ഇത് നിയമവിരുദ്ധമാണെന്നാണ് വി.എസിന്റെ വാദം.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയേക്കുമെന്ന് സൂചന നല്‍കുന്നതാണ് വി.എസിന്റെ പ്രതികരണം. സീനിയോരിറ്റി മറികടന്ന് വിജിലന്‍സ് ഡയറക്ടറെ നിയമിച്ചതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ടായിരുന്നു.
ബാര്‍ കോഴക്കേസിലും പാറ്റൂര്‍ ഭൂമിയിടപാട് കേസിലും കടുത്ത നടപടികള്‍ സ്വീകരിച്ചതാണ് ജേക്കബ് തോമസിനെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയിരുന്നത്. ഫയര്‍ സേഫ്റ്റി നിയമം നടപ്പാക്കിയതിന് അദ്ദേഹത്തെ സ്ഥലംമാറ്റുകയും ചെയ്തു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് നല്ല തീരുമാനമെന്ന് പറഞ്ഞതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനും ശ്രമമുണ്ടായി.