പിന്‍വാതില്‍ നിയമന വിവാദത്തിനെതിരായ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം:പിന്‍വാതില്‍ നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തം. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിനെ വെട്ടിച്ച് കടന്നത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നതിനാല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗേറ്റിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരെ മറികടന്നുകൊണ്ടാണ് പ്രതിഷേധക്കാര്‍ മതില്‍ ചാടിയത്.

സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതീകാത്മക ശവമഞ്ചം തീര്‍ത്തുള്ള പ്രതിഷേധമാണ് ഇന്ന് നടന്നത്. സി.പി.ഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ് സമരത്തിനെത്തിയത്.

അതേസമയം, നിയമന വിവാദവുമായി ബന്ധപ്പെട്ട കാലടി സര്‍വകലാശാലയിലേക്കും ബിജെപിയുടെ പ്രതിഷേധം നടന്നു. പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കടന്ന് സമരം നടത്തി. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്ന ആരോപണമാണ് കാലടി സര്‍വകലാശാലയെ വിവാദത്തിലാക്കിയത്.

Top