തിരുവനന്തപുരം: ബന്ധുനിയമനത്തെച്ചൊല്ലി പരസ്പരം ചെളിവാരിയെറിയുന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വ്യവസായ പ്രമുഖന്റെ നിയമനത്തില്‍ മിണ്ടാട്ടമില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതനാവുകയും ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയും ചെയ്യുന്ന നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ കാര്യത്തിലാണ് പരസ്പരം കടിച്ച് കീറാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തത്.
മുന്‍പ് കൊച്ചിയിലെ ലുലു മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ബദ്ധ ശത്രുക്കളായ’ വിഎസ് അച്യുതാനന്ദനെയും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെയുമടക്കമുള്ള ഉന്നതരെ ഒരേ വാഹനത്തില്‍ കയറ്റി ലുലുമാളിനകത്ത് സ്വയം ഡ്രൈവ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഈ വ്യവസായി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര മന്ത്രിയായിരുന്ന വയലാര്‍ രവിയുമൊക്കെ ഈ രംഗത്തിന് സാക്ഷിയായി വാഹനത്തിലുണ്ടായിരുന്നു.
സാധാരണ ഇത്തരം ആര്‍ഭാട പരിപാടികള്‍ക്ക് മുഖം തിരിക്കുന്ന വിഎസ് ലുലുമാളിലെത്തിയത് അപ്രതീക്ഷിതമായിരുന്നു.
രാജ്യത്തിനകത്തും പുറത്തും വന്‍ ബിസിനസ്സ് സാമ്രാജ്യങ്ങളുള്ള യൂസഫലിയുടെ നിയമന കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി പോലും ഇതുവരെ യാതൊരു എതിര്‍പ്പുമായി രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അറബ് രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശനങ്ങളില്‍ നിത്യ സാന്നിധ്യമാണ് ഈ വ്യവസായി. അറബ് രാഷ്ട്രത്തലവന്മാരുമായുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണം.
കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ യൂസഫലി ഇന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ്സുകാരുടെ പട്ടികയിലെ പ്രധാനിയാണ്.
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി മുന്‍പ് എംഎം ഹസ്സന്‍ പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചതാണ് നോര്‍ക്ക റൂട്ട്‌സ്.
അന്ന് മുഖ്യമന്ത്രി ചെയര്‍മാനും പ്രവാസികാര്യ മന്ത്രി വൈസ് ചെയര്‍മാനുമായിരുന്നു. പിന്നീട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റ കാലത്ത് വൈസ് ചെയര്‍മാന്‍ തസ്തികയില്‍ യൂസഫലിയെ നിയമിക്കുകയായിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി പിണറായി വന്നിട്ടും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും യൂസഫലിയെ മാറ്റിയിട്ടില്ല.
അടുത്തയിടെ പിണറായിയെ ലുലുമാളില്‍ വരുത്തുവാനും ഈ വ്യവസായ മിടുക്കന് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കുന്ന ലുലുമാളിന്റെ കെട്ടിടോത്ഘാടന ചടങ്ങിലും പ്രധാന സാന്നിധ്യം പിണറായി തന്നെ ആയിരുന്നു.
നീല ബീക്കണ്‍ ലൈറ്റ് യൂസഫലി വാഹനത്തില്‍ ഉപയോഗിക്കുന്നതും മുന്‍പ് നിരവധി തവണ വിവാദങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും പിന്നീട് വിവാദം കെട്ടടങ്ങുകയായിരുന്നു.
കേരളത്തില്‍ കോടികള്‍ വിലമതിക്കുന്ന കാറില്‍ ‘ഔദ്യാഗിക പവറായ’ ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച് വിലസുന്ന ഏകവ്യക്തിയും യൂസഫലി തന്നെയാണ്.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ മേഖലകളിലും അഴിച്ച് പണി നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച യുസഫലിയുടെ തസ്തികയില്‍ മാത്രം തൊട്ടുകളിക്കാത്തത് പാര്‍ട്ടി അണികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്..
പ്രവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുഭാവികളായ നിരവധി പ്രമുഖരുണ്ടെന്നിരിക്കെ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഒരുവിഭാഗം.
ബന്ധുനിയമനങ്ങള്‍ ഭരണപക്ഷത്തെ ഉലക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ അരങ്ങ് തകര്‍ക്കുമ്പോഴും നിയമനങ്ങളുടെ പട്ടിക പുറത്തിട്ട് മാധ്യമങ്ങള്‍ സജീവമാകുമ്പോഴും ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുകയാണ് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍.
കേരളത്തിനു പുറത്ത് അന്യനാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനായി കേരളസര്‍ക്കാര്‍ 1996ല്‍ രൂപം കൊടുത്ത വകുപ്പാണ് പ്രവാസി കേരളീയ കാര്യവകുപ്പ് (NonResident Keralites Affairs department) അഥവാ നോര്‍ക്ക. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ക്ഷേമവും വേണ്ടുന്ന സഹായങ്ങളും ഉറപ്പ് വരുത്തുകയെന്നതാണ് നോര്‍ക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ, വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കുകയും കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് വിദേശമലയാളികളെ സഹായിക്കുകയും ചെയ്യുന്നു.
ഗവണ്‍മെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയ കാര്യവകുപ്പിന് സംസ്ഥാനതല ഓഫീസോ, ജില്ലാ ഓഫീസുകളോ നിലവിലില്ല. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടപ്പിലാക്കി വരുന്നത്.
വിദേശത്ത് ജോലി തേടി പോകുന്നവരുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ പ്രാദേശിക സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ കേരളാഹൗസില്‍ നോര്‍ക്കാസെല്ലും മുംബൈയില്‍ പ്രവാസി വികസനഓഫീസും വിദേശമലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.