Appointment row; EP Jayaragn-resign-Swaraj-Suresh-Kurup

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ തട്ടി ജയരാജന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നാല്‍ പകരം സുരേഷ് കുറുപ്പിനോ എം സ്വരാജിനോ നറുക്ക് വീണേക്കും.

ബന്ധു നിയമനത്തില്‍ ക്രമക്കേട് വ്യക്തമാവുകയും വിജിലന്‍സ് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതിനാല്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുകയാണ് നല്ലതെന്ന അഭിപ്രായം സിപിഎം നേതൃത്വത്തിനിടയിലുണ്ട്.

എന്നാല്‍ ഭരണത്തലവനെന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക. 14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും.

വിജിലന്‍സ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി തെറ്റ് കണ്ട്പിടിച്ചിട്ട് മതി നടപടിയെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്.

എന്നാല്‍ വിവാദ നിയമനത്തില്‍ ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി വിജിലന്‍സ് കോടതിയില്‍ നല്‍കിയാല്‍ കോടതി തന്നെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിടുമോയെന്ന ആശങ്കയും ഈ വിഭാഗത്തിനുണ്ട്.

ഭരണപരിഷ്‌ക്കാര അദ്ധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വിവാദ നിയമനത്തില്‍ നടപടി ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നതും സിപിഎം നേതൃത്വത്തെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പാര്‍ട്ടി അണികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയര്‍ന്ന് വരുന്നത്.

നിയമന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ച വിവാദത്തില്‍ നടപടി ശാസനയില്‍ ഒതുക്കരുതെന്നും ജയരാജനെ മാറ്റിനിര്‍ത്തണമെന്നുമാണ് പൊതുവെ ഉയര്‍ന്ന് വന്നിരിക്കുന്ന അഭിപ്രായം.

മുഖ്യമന്ത്രി പിണറായിയുടെ വലംകൈ ആയും മന്ത്രിസഭയിലെ രണ്ടാമനായും അറിയപ്പെടുന്ന ജയരാജനെ മുഖ്യമന്ത്രി കൈവിടുമോയെന്നതാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ജയരാജന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ കോട്ടയത്ത് നിന്നുള്ള ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനോ അതല്ലെങ്കില്‍ എറണാകുളത്ത് നിന്നുള്ള തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജിനോ നറുക്ക് വീഴുമെന്നാണ് ലഭിക്കുന്ന സൂചന.

രണ്ട് പേരും മുന്‍ എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികളാണ്. സാമുദായികപരമായും ഒരേ വിഭാഗത്തില്‍ പെട്ടവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. എറണാകുളത്തിനും കോട്ടയത്തിനും നിലവില്‍ മന്ത്രിമാരില്ലാത്തതും ഇവരുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

Top