തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെട്ടതിനാല്‍ പിടിച്ച് നില്‍ക്കാനുള്ള അവസാന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഈ നീക്കം. ജയരാജന്‍ രാജി വയ്ക്കുകയോ അതല്ലെങ്കില്‍ വകുപ്പ് മാറ്റമോ ഉണ്ടാകാനാണ് സാധ്യത. വകുപ്പ് മാറ്റമാണെങ്കില്‍ മന്ത്രി എ കെ ബാലന് വ്യവസായ വകുപ്പ് നല്‍കിയേക്കും.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ പ്രാഥമികാന്വേഷണം വേണമെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇന്ന് രാവിലെ രാവിലെ 7.45 ഓടെയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ജേക്കബ് തോമസ് 20 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്.
തുടര്‍ന്ന് വിജിലന്‍സ് ആസ്ഥാനത്തെത്തി നിയമോപദേശകരുമായി ചര്‍ച്ച നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിജിലന്‍സ് കോടതിയില്‍ വരുന്ന പൊതുതാല്‍പര്യ ഹര്‍ജിയിലും ഇക്കാര്യം അറിയിക്കും.
മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വ്യവസായ മന്ത്രി ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി രണ്ട്തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യവസായ വകുപ്പില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണമെന്ന് കൂടിക്കാഴ്ച്ചയില്‍ ജയരാജനോട് കോടിയേരി നിര്‍ദേശിച്ചിരുന്നു.
പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പ്രതിപക്ഷ നേതാവുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.
നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധമായ അന്തിമ തീരുമാനമുണ്ടാകും.