Appointment row; Vigilance-enquiry-against-former-UDF-Government

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും പരിശോധിക്കാന്‍ വിജിലന്‍സ് നീക്കം.

മന്ത്രി ഇപി ജയരാജന്റെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ചത് സംബന്ധമായി പരിശോധന നടത്താനൊരുങ്ങുന്ന അന്വേഷണ സംഘത്തെ തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെ സംബന്ധിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തുമെന്നാണ് സൂചന

ഇതുസംബന്ധമായി കേരള കോണ്‍ഗ്രസ്സ് (സ്‌കറിയ തോമസ്) വിഭാഗം നേതാവ് എ.എച്ച് ഹഫീസ് വിജിലന്‍സിന് നല്‍കിയ പരാതി മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ് (ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍), സഹോദരി അമ്പിളി ജേക്കബ് (കേരള ഐടി ഇന്‍ഫ്രാസ്‌ക്ടര്‍ മാര്‍ക്കറ്റിങ് മാനേജര്‍), മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എ ടി സുലേഖ (സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി (കോപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍), മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരന്‍ വിഎസ് ജയകുമാര്‍(ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍), പ്രതിപക്ഷ നേതാവും മുന്‍മന്ത്രിയുമായ ചെന്നിത്തലയുടെ ബന്ധു വേണു ഗോപാല്‍ (കേരള ഫീഡ്‌സ് എംഡി), മുന്‍മന്ത്രി കെസി ജോസഫ് കൈ കാര്യം ചെയ്തിരുന്ന നോര്‍ക്ക റൂട്ട്‌സില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനങ്ങളും, ആര്‍ ശെല്‍വരാജ് എംഎല്‍എയുടെ മകളെ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അസി.മാനേജരാക്കിയ നടപടി, മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ ഉമ്മന്‍മാസ്റ്ററുടെ മരുമകന്‍ കെപി അബ്ദുള്‍ ജലീലിനെ സ്‌കോള്‍ കേരള ഡയറക്ടറായി നിയമിച്ചതുമടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.

ഇതോടെ ബന്ധുനിയമനം ഉയര്‍ത്തി സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കിയ യുഡിഎഫ് നേതൃത്വം വെട്ടിലാകും.

തിങ്കളാഴ്ച നിയമസഭയില്‍ ഈ ലിസ്റ്റ് വെച്ചായിരിക്കും പ്രതിപക്ഷ ആക്രമണങ്ങളെ ഭരണപക്ഷം നേരിടുക.

യുഡിഎഫ് ഭരണകാലത്ത് നടന്ന പല നിയമനങ്ങളിലും സ്വജനപക്ഷപാതം പ്രകടമായതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം യുഡിഎഫിന് തിരിച്ചടിയാകുമെന്ന കാര്യവും ഉറപ്പാണ്.

അതേസമയം ഇ പി ജയരാജനെതിരെ സംഘടനാപരമായും ഭരണപരമായും നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും.

നടപടി എന്തായിരിക്കുമെന്ന കാര്യം വെള്ളിയാഴ്ച സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും.

ആക്ഷേപം വന്നപ്പോള്‍ തങ്ങള്‍ തിരുത്തല്‍ നടപടി സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനെ കടന്നാക്രമിക്കാനാണ് ഇടത് നീക്കം.

Top