തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനങ്ങളുടെ കണക്കവതരിപ്പിച്ച് മുഖ്യമന്ത്രി. ഇടതു പക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന മന്ത്രി സഭാ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സിവില്‍ സപ്ലൈസ് വകുപ്പില്‍ 206 തസ്തികകള്‍ സൃഷ്ടിക്കും. യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച തസ്തികകള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, പൊതുമേഖലാ സ്ഥാപനമായ ബെവ്കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി 258 പേര്‍ക്ക് നിയമനം നല്‍കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം ലഭ്യമാക്കും. നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും. 10 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുക.