രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്ന ചിത്രത്തേക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് തൃഷയെ കുഴപ്പത്തിലാക്കിയത്. സംഗതി വിവാദമായതോടെ അവര്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന മന്‍സൂര്‍ അലി ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശവും ചേര്‍ത്തായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാള്‍ ചോദിച്ചത്. മറ്റുചിലരാകട്ടെ പരിഹാസ മീമുകളാണ് പോസ്റ്റ് ചെയ്തത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ തൃഷ നിര്‍ബന്ധിതയാവുകയായിരുന്നു.
ഒരുവിഭാഗം ആളുകള്‍ രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരുവിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചിത്രം 250 കോടിയോളമാണ് ബോക്‌സോഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രം റിലീസായത്. വയലന്‍സാണ് ചിത്രത്തിലെ മുഖ്യഘടകം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പുത്തന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടാണ് തൃഷ എത്തിയത്. കള്‍ട്ട് എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ തൃഷ അനിമലിനെ വിശേഷിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി.