ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവില്‍ ആണ് ടെസ്‌ല കമ്പനി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ടെസ്‌ലയുടെ മോഡല്‍ 3, മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകം ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്ലയുടെ നാലു മോഡലുകള്‍ക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. മന്ത്രാലയത്തിന് കീഴിലുള്ള വാഹന്‍ സേവ പോര്‍ട്ടലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഡല്‍ 3, മോഡല്‍ വൈ എന്നിവയുടെ രണ്ട് വേരിയന്റുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ് പ്രതീക്ഷ. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്ലയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ വാഹനങ്ങളാണ്. മോഡല്‍ എസ്, മോഡല്‍ എക്‌സ് പോലുള്ള ഉയര്‍ന്ന മോഡലുകള്‍ പിന്നീടാകും ഇന്ത്യയിലെത്തുക.
ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യം, മലിനീകരണ നിയന്ത്രണം ചട്ടം പാലിക്കല്‍, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചതിനുള്ള അംഗീകാരമാണ് (ഹൊമോലൊഗേഷന്‍) ടെസ്ലയുടെ മോഡലുകള്‍ക്ക് ലഭിച്ചത്. ഏതൊക്കെയാണ് മോഡലുകളെന്ന് കേന്ദ്രസര്‍ക്കാരോ ടെസ്ലയോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ടെസ്ലയുടെ ശ്രദ്ധേയ മോഡലുകളായ ‘മോഡല്‍ 3’, ‘മോഡല്‍ വൈ’ എന്നിവയുടെ രണ്ടുവീതം വേരിയന്റുകള്‍ക്കാണ് അംഗീകാരമെന്നാണ് സൂചന.
ടെസ്ല വാഹനങ്ങള്‍ സിബിയു അല്ലെങ്കില്‍ പൂര്‍ണമായും നിര്‍മിച്ച യൂനിറ്റുകളായി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താല്‍, വില ഗണ്യമായി ഉയരാനുള്ള സാധ്യതയുണ്ട്. മോഡല്‍ 3ക്കും മോഡല്‍ വൈയ്ക്കും 60 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കുന്നുണ്ട്. മെട്രോപൊളിറ്റന്‍ നഗരങ്ങളിലാവും ടെസ്‌ല തങ്ങളുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുക. പ്രാദേശികമായി ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ടെസ്ല തയ്യാറായാല്‍ വില ഗണ്യമായി കുറയും. ഇത് ഉടന്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഇന്ത്യയിലെ നികുതിക്കെതിരെ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളില്‍ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.
അതേസമയം ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്ല. ‘ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ കമ്പനി നേരത്തേ ടെസ്‌ല രജിസ്റ്റര്‍ ചെയ്തിരുന്നു. വൈദ്യുത വാഹന നിര്‍മാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന കമ്പനിയാണ് ടെസ്‌ല. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിര്‍മാതാക്കളെന്നാണ് ഈ അമേരിക്കന്‍ കമ്പനി അറിയപ്പെടുന്നത്. ടെസ്ല ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ അതേപറ്റിയുള്ള സൂചനകളൊന്നും ലഭ്യമല്ല.