അസ്‌കര്‍ അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കുന്ന കാമുകിയുടെ ഓഡിയോ റിലീസ് ഇന്ന്

സ്‌കര്‍ അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകിയുടെ ഓഡിയോ റിലീസ് ഇന്ന്.

ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണിക്കൃഷ്ണന്‍ നിര്‍മ്മിക്കുന്ന കാമുകിയില്‍ ഗോപീ സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഹണിബീ2.5, ചെമ്പരത്തി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം അസ്‌കര്‍ അലി നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് കാമുകി.

ഒരു കോമഡി ലൗസ്‌റ്റോറിയിലൂടെയാണ് കാമുകിയുടെ കഥ സഞ്ചരിക്കുന്നത്. ഗ്രാമത്തിലെ പ്രധാന സ്‌കൂളിലെ അധ്യാപകനായ വര്‍ഗീസ് മാഷ് നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ട ആളാണ്. രണ്ടു പെണ്‍മക്കളാണ് മാഷിനുള്ളത്. ആലീസും അച്ചാമ്മയും. മൂത്തമകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചു പോയത് മാഷിന് വല്ലാത്തൊരു ഷോക്കായിരുന്നു. ഇളയമകള്‍ അച്ചാമ്മയിലാണ് മാഷിന്റെ എല്ലാ പ്രതീക്ഷകളുമുള്ളത്. പഠിക്കാന്‍ മിടുക്കിയായ അച്ചാമ്മയ്ക്ക് കോളജില്‍ നല്ലൊരു സൗഹൃദവലയം തന്നെയുണ്ട്. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനാണ് ഹരി ജന്മനാ അന്ധനായ ഹരിയുടെ കോളജിലെ അടുത്ത ചങ്ങാതിയാണ് ജാഫര്‍. തന്റെ മനസ്സിലുള്ള സ്വപ്നങ്ങളെല്ലാം ഹരി പങ്കുവയ്ക്കാറുള്ളത് ജാഫറിനോടാണ്.

അച്ചാമ്മ ഹരിയെ കണ്ടുമുട്ടുന്നതോടെ ഇവര്‍ തമ്മിലുള്ള സൗഹൃദം വളരുന്നു. ഹരിയുടെ മനസ്സിലെ സങ്കടങ്ങളും ആഹ്‌ളാദങ്ങളും അച്ചാമ്മ കേള്‍ക്കാന്‍ തുടങ്ങുന്നു. സ്വാഭാവികമായും അന്ധനായ ഹരിയും അച്ചാമ്മയും തമ്മിലുള്ള പ്രണയം തുടങ്ങുന്നതോടെ കാമുകിയെന്ന ചിത്രത്തിന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഹരിയായി അസ്‌കര്‍ അലിയും അച്ചാമ്മയായി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. അന്ധത ഒന്നിനും തടസമല്ലെന്നും സ്‌നേഹവും പ്രണയവും അന്ധതയ്ക്കു മുന്നില്‍ വഴിമാറുമെന്നും അന്ധരായ ചെറുപ്പക്കാര്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാകുന്നതാണ് കാമുകിയെന്ന സിനിമ.അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധവും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നു.

ഡെയിന്‍, സിബി തൊണ്ടിമുതല്‍, ഡോ. റോണി, പ്രദീപ് കോട്ടയം, ബിനു അടിമാലി, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, കാവ്യ സുരേഷ് എന്നിവരാണ് കാമുകിയിലെ മറ്റ് അഭിനേതാക്കള്‍.

Top