എപ്രിലിയ ആര്‍എസ് 660 ഇന്ത്യന്‍ വിപണിയിലേക്ക്; ലോഞ്ച് ഉടന്‍

റ്റാലിയന്‍ ഇരുചക്ര വാഹന ഭീമന്മാരായ പിയാജിയോ എപ്രിലിയ ബ്രാന്‍ഡില്‍ ആര്‍എസ് 660, റ്റിയൂണോ 660 ബൈക്കുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഈ വര്‍ഷം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പുത്തന്‍ ബൈക്ക് ലോഞ്ചുകളെപ്പറ്റി വിവരമൊന്നുമില്ലാതെ വന്നതോടെ ശ്രമം പിയാജിയോ ഉപേക്ഷിച്ചോ എന്ന സംശയം ബൈക്ക് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കമ്പനിയുടെ ഇന്ത്യ എംഡി ഡിയേഗോ ഗ്രാഫി തന്നെ ഇന്ത്യയിലെത്തിയ എപ്രിലിയ ആര്‍എസ് 660യുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

പിയാജിയോ ഡീലര്‍മാര്‍ അനൗദ്യോഗികമായി എപ്രിലിയ ആര്‍എസ് 660, റ്റിയൂണോ 660 ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു എന്ന് ഓട്ടോക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം എപ്രിലിയ ആര്‍എസ് 660, റ്റിയൂണോ 660 ഇരട്ടകളുടെ രംഗപ്രവേശം ഒന്നിച്ചാണോ അതോ ആര്‍എസ് 660 അവതരിപ്പിച്ച് അല്പം കഴിഞ്ഞാണോ റ്റിയൂണോ 660യുടെ ലോഞ്ച് എന്ന് വ്യക്തമല്ല.

660 സിസി സൂപ്പര്‍സ്‌പോര്‍ട്ട് സെഗ്മെന്റിലേക്കാണ് പുതിയ എപ്രിലിയ ബൈക്കുകള്‍ വില്പനക്കെത്തുന്നത്. ഫുള്‍-ഫെയേര്‍ഡ് ബൈക്ക് ആണ് എപ്രിലിയ ആര്‍എസ് 660. അഗ്രെസ്സിവ് ആയ ഫെയറിങ്, ഇരട്ട ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ബോഡി പാര്‍ട്‌സുകള്‍ കുറഞ്ഞ പിന്‍ വശം എന്നിവ RSV4 സൂപ്പര്‍ബൈക്കിന്റെ കുഞ്ഞനുജന്‍ ലുക്ക് ആണ് എപ്രിലിയ ആര്‍എസ് 660-യ്ക്ക് നല്‍കുന്നത്. എപ്രിലിയ റ്റിയൂണോ 660 അതെ സമയം സെമി-ഫെയറിങ്ങുള്ള മോഡല്‍ ആണ്. ബാക്കി എല്ലാ കാര്യത്തിലും എപ്രിലിയ ആര്‍എസ് 660-ന് സമാനമാണ് റ്റിയൂണോ 660.

270 ഡിഗ്രി ഫയറിംഗ് ഓര്‍ഡറുള്ള 659 സിസി, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകള്‍ക്കും. 10,500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി പവറും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പീക്ക് ടോര്‍ക്കും ഈ എന്‍ജിന്‍ നിര്‍മ്മിക്കും. മൂന്ന്-ലെവല്‍ കോര്‍ണേറിങ് എബിഎസ്, ക്രമീകരിക്കാവുന്ന വീലി കണ്ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, 6-ആക്‌സിസ് ഐഎംയു. എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. അപ്പ് / ഡൗണ്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവയും എപ്രിലിയ ആര്‍എസ് 660, റ്റിയൂണോ 660-യില്‍ ഇടം പിടിക്കും.

 

 

Top