aprilla rs 150 – auto expo

പതിമൂന്നാമത് ഓട്ടോഎക്‌സ്‌പൊയില്‍ അവതരിപ്പിച്ച അപ്രീലിയ എസ് ആര്‍ 150 ഓഗസ്റ്റ് അവസാനത്തോടെ വിപണിയിലെത്തും. പിയാജിയോയുടെ ബരാമതി പ്ലാന്റില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചെന്നും ആഗസ്റ്റ് അവസാനത്തോടെ വിപണിയിലെത്തുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രീമിയം സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്‌കൂട്ടറുമായി എത്തുന്നത്.

മികച്ച സ്‌റ്റൈലും കരത്തുറ്റ എന്‍ജിനുമായാണ് അപ്രീലിയ എസ് ആര്‍ 150 എത്തുന്നത്. രാജ്യന്തര വിപണിയിലുള്ള അപ്രീലിയ എസ് ആര്‍ 125 എന്ന സ്‌കൂട്ടറില്‍ വെസ്പ 150യുടെ എന്‍ജിന്‍ ഘടിപ്പിച്ചാകും എസ് ആര്‍ 150 ഇന്ത്യയിലെത്തുക.

വെസ്പയുടെ വിവിധ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന 150 സിസി 11.5 ബിഎച്ച്പി എന്‍ജിന്‍ തന്നെയാണ് അപ്രീലിയ എസ് ആര്‍ 150ലും. ഗിയര്‍ബോക്‌സും, എന്‍ജിന്‍ ട്യൂണിങ്ങിലും മാറ്റങ്ങളുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്.

യുവതലമുറയെ ആകര്‍ഷിക്കാന്‍ മികച്ച കരുത്തും സ്‌റ്റൈലുമായിട്ടാകും എസ് ആര്‍ 150 എത്തുക. മുന്നില്‍ ടെലെസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ബൈക്കിലേതു പോലുള്ള ഷോക്കുമാണ് നല്‍കിയിട്ടുള്ളത്.

മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 140 എംഎം ഡ്രം ബ്രേക്കുകളും ഘടിപ്പിച്ചിരിക്കുന്നു. പിയാജിയോ പുതുതായി ആരംഭിക്കുന്ന മോട്ടോപ്ലസ് ഷോറൂമുകള്‍ വഴിയായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തുക. 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കും സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വിലകള്‍.

Top