ലാല്‍ സലാം എന്ന ചിത്രത്തിലെ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ‘തിമിരി യെഴുഡാ’ എന്ന ഗാനത്തിന് വിശദീകരണവുമായി എ.ആര്‍ റഹ്‌മാന്‍. സംവിധായകന്‍ നിര്‍മിച്ച ഗാനമാണിത് എന്നതാണ് ആ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. 2022-ല്‍ അന്തരിച്ച ബംബാ ബാക്കിയ, 1997-ല്‍ അന്തരിച്ച ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ റഹ്‌മാന്‍ ലാല്‍ സലാമിലെ ഗാനത്തിനായി പുനഃസൃഷ്ടിക്കുകയായിരുന്നു. ഗാനവും ഗാനത്തിന്റെ പ്രത്യേകതയും സംഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചര്‍ച്ചകളാണുയര്‍ന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ രണ്ട് ഗായകരുടെ ശബ്ദം വീണ്ടും കേള്‍ക്കാനായല്ലോ എന്ന സന്തോഷമാണ് ചിലര്‍ പങ്കുവെച്ചതെങ്കില്‍ ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടര്‍ക്കറിയേണ്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റഹ്‌മാന്‍ തന്നെ രംഗത്തെത്തിയത്.
രണ്ട് ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാന്‍ താന്‍ അനുവാദം ചോദിച്ചിരുന്നെന്ന് എ.ആര്‍. റഹ്‌മാന്‍ എക്‌സിലൂടെ വ്യക്തമാക്കി. ഗായകരുടെ ശബ്ദത്തിന്റെ അല്‍ഗോരിതം ഉപയോഗിക്കുന്നതിന് രണ്ട് കുടുംബങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയിട്ടുണ്ട്. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും എ.ആര്‍. റഹ്‌മാന്‍ പറയുന്നു. റെസ്‌പെക്റ്റ്, നൊസ്റ്റാള്‍ജിയ എന്നീ ഹാഷ്ടാഗുകളാണ് അദ്ദേഹം പോസ്റ്റിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. രജനികാന്ത് ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്. രണ്ട് ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാല്‍ സലാമിലെ ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. ഷാഹുല്‍ ഹമീദ് 1997-ലും. എ.ആര്‍. റഹ്‌മാന്റെ സ്ഥിരം ഗായകരായിരുന്നു ഇരുവരും. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.