നോട്ട് നിരോധനം; എ.ആർ റഹ്മാന്റെ കിടിലൻ സംഗീത ശിൽപ്പം പുറത്തിറങ്ങി

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ പരാമർശങ്ങൾക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം.

നോട്ട് നിരോധത്തിന് ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്കർ ജേതാവ് എ.ആർ.റഹ്‍‌മാൻ എത്തിയിയിരിക്കുകയാണ്.

‘ദ് ഫ്ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്‍മാൻ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയർന്ന മൂല്യമുള്ള രണ്ട് കറൻസികൾ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടിൽ വിമർശിക്കുന്നില്ല എന്നാൽ തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നമായ താമരയെ സൂചിപ്പിക്കുന്നതാണ് ഗാനത്തിൻറെ പേര്.

1994ൽ ഇറങ്ങിയ പ്രശസ്തമായ ‘ഉർവശീ, ഉർവശീ’ എന്ന സിനിമാപ്പാട്ടിന്റെ പുതുപതിപ്പാണ് ‘ദ് ഫ്ലെയിങ് ലോട്ടസ്’. യുഎസിലെ മുൻനിര സിംഫണി ഓർ‌ക്കസ്ട്രയായ സീറ്റിൽ സിംഫണിയുമായി ചേർന്നാണ് സംഗീതമൊരുക്കിയത്. മേയിൽ പ്രീമിയർ അവതരണം നടന്ന ഗാനം ഇപ്പോഴാണ് വിപണിയിൽ ലഭ്യമാകുന്നത്.
AR-Rahman-The-Flying-Lotus.jpg.image.784.410

‘വളരുന്ന ഇന്ത്യയുടെ അടയാളപ്പെടുത്തലാണ് ‘ദ് ഫ്ലെയിങ് ലോട്ടസ്’. ഇന്ത്യയുടെ യാത്രയാണിത്. നോട്ടുനിരോധനം എന്താണ് ഇന്ത്യയിൽ സംഭവിപ്പിച്ചതെന്നും ഭാവിയിൽ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്നും അറിയാൻ എനിക്കാഗ്രഹമുണ്ട്. എല്ലാത്തരം വ്യാഖ്യാനങ്ങൾക്കുമുള്ള തുറന്ന ഇടം ഈ സംഗീത ശിൽപ്പത്തിലുണ്ട്’– റഹ്മാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ, ഡിജിറ്റൽ എക്കോണമി, കാഷ്‍ലസ്, ധൻ ധനാ ധൻ തുടങ്ങിയ വാക്കുകളും മ്യൂസിക ട്രാക്കിൽ പരാമർശിക്കുന്നുണ്ട്.

‘നോട്ടുനിരോധനത്തിന്റെ ലക്ഷ്യം നല്ലതായിരുന്നു. ഈ ട്രാക്ക് എന്റെ വിധിപ്രസ്താവമല്ല. ഇത്രയും വലിയ കാര്യമൊക്കെ എനിക്ക് മനസ്സിലാകുമോ? പക്ഷേ, ജനങ്ങൾ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. നല്ലതും ചീത്തതും അവരുടെ സംസാരത്തിലുണ്ടായിരുന്നു. അതെല്ലാം പാട്ടിലുമുണ്ടാകാം. എല്ലാ ഇന്ത്യക്കാരുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യാശയുടെ സംഗീതമാണു കൊടുത്തിരിക്കുന്നത് എന്നും റഹ്‍‌മാൻ പറഞ്ഞു .

യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ സംഗീതത്തിന്റെ കോപ്പി പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖർക്കു അയച്ചുകൊടുക്കുമെന്നും എ.ആർ.റഹ്‍‌മാൻ വ്യക്തമാക്കി.

Top