സം​ഗീത സംവിധാനത്തിൽ തുടക്കം കുറിക്കാൻ എ ആർ റഹ്മാന്റെ മകൾ ഖദീജ

പിതാവിന്റെ പാത പിന്തുടർന്ന് സം​ഗീത സംവിധാനത്തിൽ തുടക്കം കുറിക്കാൻ എ ആർ റഹ്മാന്റെ മകൾ ഖദീജ. മിൻമിനി എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഖദീജ സം​ഗീതം ഒരുക്കുന്നത്. ഹാലിത ഷമീം ആണ് ചിത്രത്തിന്റെ സംവിധാനം. എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാലിതയ്ക്ക് ചിത്രമൊരു വലിയ പ്രോജക്ട് ആണെന്നും അതിനായി വളരെ കഠിനാധ്വാനവും പരിശ്രമവും നടത്തുന്നുണ്ടെന്നും ഖദീജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തന്നെ വിശ്വസിച്ച് ആണ് ഈ ഉദ്യമം ഏൽപ്പിച്ചിരിക്കുന്നതെന്നും അതിൽ താൻ സന്തോഷവതിയാണെന്നും ഖദീജ പറയുന്നു. ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാലിതയും സന്തോഷം പങ്കുവച്ചു. ഖദീജ നല്ലൊരു സംഗീത സംവിധായകയാണെന്നാണ് ഹാലിത കുറിച്ചത്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവ​ധി പേരാണ് ഖദീജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.

അതേസമയം, രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെ ഖദീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ ഗാനം ആലപിച്ചു. 2022ൽ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയായിരുന്നു രചയിതാവ്.

എ ആർ റഹ്മാന്റെയും സൈറബാനുവിന്റെയും മൂത്ത മകളാണ് ഖദീജ. 2022 മെയ്യിൽ ആയിരുന്നു ഖദീജയുടെ വിവാഹം. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് ഭർത്താവ്. ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നു എന്നായിരുന്നു തസ്ലിമയുടെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്റെ തെരഞ്ഞെടുപ്പാണ് എന്നാണ് ഖദീജ ഇതിനോട് പ്രതികരിച്ചിരുന്നത്.

Top