റിയാദ്: ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അന്താരാഷ്ട്ര ഇടപെടലിനും കെയ്റോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ഫലസ്തീന്റെ ആവശ്യപ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു അറബ് ലീഗ് അടിയന്തിര യോഗം.
സൗദിയും യുഎഇയും ഖത്തറും ഉള്‍പ്പെടെ 22 രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഈ സമ്മേളനത്തിലാണ് ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കിയത്. ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമടക്കം ഗസ്സയിലേക്കെത്തിക്കാന്‍ ശ്രമം തുടരും. ഇരുകൂട്ടരേയും സമാധാന ചര്‍ച്ചയിലേക്ക് തിരികെ കൊണ്ടു വരാനും വിഷയം ഗൗരവപൂര്‍വും പിന്തുടരാനും യോഗം തീരുമാനിച്ചു.
ആക്രമണം തുടരുന്നതിനിടെ ആദ്യമായി ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. ചൈനീസ് മധ്യസ്ഥതയില്‍ ഇറാന്‍ സൗദി ബന്ധം പുനഃസ്ഥാപിച്ചത ശേഷം ആദ്യമാണ് ഇരു രാഷ്ട്ര നേതാക്കളും സംസാരിക്കുന്നത്. അര മണിക്കൂറിലേറെ ഇവര്‍ വിഷയം ചര്‍ച്ച ചെയ്തു. പ്രശ്നപരിഹാരത്തിന് യോജിച്ച് പ്രവര്‍ത്തിക്കുന്നതായി ഇരുവരും പറഞ്ഞു. ഇതിന് തൊട്ടുമുമ്പ് തുര്‍ക്കി പ്രസിഡണ്ടുമായും കിരീടാവകാശി ചര്‍ച്ച നടത്തി.
ഫലസ്തീനൊപ്പമാണെന്നും അവകാശങ്ങള്‍ നേടും വരെ അവര്‍ക്കൊപ്പം തുടരുമെന്നും സൗദി കിരീടാവകാശി രണ്ടു കൂട്ടരോടും ആവര്‍ത്തിച്ചു. പ്രശ്നപരിഹാരത്തിന് ഏകോപനം തുടരുമെന്നും സൗദി അറിയിച്ചു. ഇതോടെ കൂടുതല്‍ ഏകോപനത്തോടെ സമ്മര്‍ദ്ദ ശ്രമം അറബ് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ നടക്കുകയാണ്. എന്നാല്‍ കരമാര്‍ഗം ഗസ്സയിലേക്ക് കയറാന്‍ അവസരം കാത്തിരിക്കുകയാണ് ഇസ്രായേല്‍.