ഗാസയിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാൻ രാഷ്ട്രീയ നടപടി വേണമെന്ന് അറബ് ലീഗ്

മനാമ : ഗാസ മുനമ്പിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാനും പലസ്‌തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തര രാഷ്ട്രീയ നടപടി വേണമെന്ന് കെയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്തുചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. ഗാസക്കെതിരായ ഇസ്രയേൽ ഉപരോധത്തെ ശക്തമായി അപലപിച്ച യോഗം ഉപരോധം ഉടൻ പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം വ്യാപിപ്പിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് സംയുക്ത പ്രസ്‌താവന മുന്നറിയിപ്പ് നൽകി.

പലസ്‌തീൻ ജനതക്കെതിരായ മുഴുവൻ ആക്രമണങ്ങളെയും മന്ത്രിതല യോഗം അപലപിച്ചു. ദരിദ്രമായ, ജനസാന്ദ്രതയേറിയ ഗാസയിലേക്ക് ഭക്ഷണവും ഇന്ധനവും മാനുഷിക സഹായവും ഉടൻ പ്രവേശിപ്പിക്കാൻ അനുമതി നൽകണം. പലസ്‌തീനിലെ അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമ ബാധ്യതകൾ നിറവേറ്റണം.

നിലവിലെ സംഘർഷം ഇന്നത്തെ പ്രശ്‌നങ്ങളുടെ ഫലമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പലസ്‌തീനികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും വെസ്റ്റ് ബാങ്കിലെയോ ഗാസയിലെയോ പലസ്‌തീനികളെ ഒരു സുരക്ഷാ പ്രശ്‌നമായി കണക്കാക്കുന്നതും ഉൾപ്പെടെ മൂലകാരണങ്ങളുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത്ത് അഭിപ്രായപ്പെട്ടു. നിലനിൽക്കുന്ന ഒരു അധിനിവേശ ഭരണകൂടത്തിന്റെ സൃഷ്ടി, വർണ്ണവിവേചന വ്യവസ്ഥ, പലസ്‌തീൻ മണ്ണിലെ തുടർച്ചയായ കുടിയേറ്റ കോളനി നിർമ്മാണം, കോളനികളുടെ വിപുലീകരണം, പലസ്‌തീൻ മണ്ണ് കയ്യേറൽ, അവരെ സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കൽ, പലസ്‌തീൻ നഗരങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കുമെതിരായ സൈനിക നടപടികൾ, വിശുദ്ധ കേന്ദ്രങ്ങൾക്കെതിരായ കൈയേറ്റങ്ങൾ, എന്നിവയടക്കം ദ്വിരാഷ്ട്ര പരിഹാരത്തിനും സമാധാന ശ്രമങ്ങൾക്കും തുരങ്കം വെക്കുകയും അധിനിവേശം ശാശ്വതമാക്കുകയും ചെയ്യുന്ന നിയമ വിരുദ്ധമായ മുഴുവൻ നടപടികളും ഇസ്രയേൽ അവസാനിപ്പിക്കണം. ഇത്തരം നടപടികൾ ഏതൊരു രാഷ്ട്രീയ ചക്രവാളത്തിലും പ്രതീക്ഷയെ തകർക്കുകയും ഇന്ന് നാം നിൽക്കുന്ന ദൗർഭാഗ്യകരവും അപകടകരവുമായ ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്‌തുവെന്ന് അറബ് ലീഗ് മേധാവി പറഞ്ഞു.

ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന പ്രതികാര പ്രവർത്തനങ്ങൾ സ്ഥിരത കൈവരിക്കില്ല, മറിച്ച് കൂടുതൽ അക്രമങ്ങളിലേക്കും രക്തച്ചൊരിച്ചിലിലേക്കും നമ്മെ നയിക്കും. പരമാവധി സംയമനം പാലിക്കേണ്ടതിന്റെയും അനന്തരഫലങ്ങൾ നോക്കേണ്ടതിന്റെയും ആവശ്യകത യോഗം അടിവരയിട്ടു. കൂട്ടക്കൊലയ്ക്ക് വിധേയരാകുന്ന ഗാസ മുനമ്പിലെ പലസ്‌തീൻ നിവാസികളോട് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൂട്ടക്കൊല അടിയന്തിരമായി തടയണമെന്നും ഏറ്റവും ശക്തമായി തന്നെ അതിനെ അപലപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാൻ പലസ്‌തീനികളെ അറബ് ലീഗ് പിന്തുണക്കും. സ്വന്തം മണ്ണിൽനിന്നും പലസ്‌തീനികളെ പുറത്താക്കാനുള്ള ശ്രമങ്ങൾക്കും അഭയാർഥികളുടെ പ്രശ്‌നം കൂടുതൽ വഷളാക്കുന്നതിനുമെതിരെ യോഗം മുന്നറിയിപ്പ് നൽകി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ വിദേശ മന്ത്രിമാർ പങ്കെടുത്തു. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ യുഎന്നിലെ അറബ് ഗ്രൂപ്പിനെയും അറബ് അംബാസഡേഴ്‌സ് കൗൺസിലിനെയും യോഗം ചുമതലപ്പെടുത്തി.

Top