യാംബു: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അറ്റാദായം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 37.89 ശതമാനം കുറഞ്ഞ് 112.81 ശതകോടി റിയാലായി. ആദ്യ പാദത്തില്‍ ഇത് 119.54 ശതകോടി റിയാലായിരുന്നു.കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 181.64 ശതകോടി റിയാലായിരുന്നു അറ്റാദായം. ഈ വര്‍ഷം ആറുമാസത്തെ കമ്പനിയുടെ അറ്റാദായം 232.35 ശതകോടി റിയാലാണെന്നും അരാംകോ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 329.67 ശതകോടി റിയാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 29.5 ശതമാനം കുറവാണ്.
അസംസ്‌കൃത എണ്ണയുടെ വിലക്കുറവും ശുദ്ധീകരണ പ്രക്രിയയുടെയും രാസവസ്തുക്കളുടെയും ലാഭവിഹിതം കുറയുന്നതുമാണ് ഇതിന് കാരണം. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 110.18 ശതകോടി റിയാല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്യാന്‍ വകയിരുത്തി.വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും പൊരുത്തപ്പെടാനുള്ള അരാംകോയുടെ പ്രാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നുവെന്നത് ശ്രദ്ധേയമാണെന്ന് അരാംകോയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എന്‍ജിനീയര്‍ അമിന്‍ അല്‍ നാസര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ ഓഹരിയുടമകള്‍ക്കും മൂന്നാം പാദത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട ആദ്യ ലാഭവിഹിതം വിതരണം ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയിലും ഗ്യാസും ഉല്‍പാദിപ്പിക്കാനുള്ള അരാംകോയുടെ ശേഷി വര്‍ധിപ്പിക്കുക, വിപുലീകരണം പോലുള്ള പെട്രോകെമിക്കല്‍ പ്രോജക്ടുകളിലൂടെ റിഫൈനിങ്, കെമിക്കല്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ ബിസിനസ് വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.