കൊച്ചി : ആറന്മുള വിമാനത്താവളത്തിനു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൌഡറും ജ. കെ ടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വിമാനത്താവള പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കിയ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. വിമാനത്തവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
വിമാനത്താവള നിര്‍മ്മാണത്തിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തം ഉള്ളതായി കെജിഎസ് ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന് വിമാനത്താവളത്തില്‍ യാതൊരു പങ്കുമില്ലെന്നും അനുമതി റദ്ദാക്കിയതായും ഹൈക്കോടതിയെ അറിയിച്ചതോടെ പരിസ്ഥിതിയെ വന്‍തോതില്‍ നശിപ്പിക്കുന്ന വിമാനത്താവളം വരില്ലെന്ന് ഉറപ്പായി.
ആറന്മുള വിമാനത്താവളത്തിനായി നിര്‍ദേശിച്ച സ്ഥലത്ത് കൃഷിയിറക്കുമെന്നു കൃഷി മന്ത്രി വി എസ് സുനില്‍കുമാറും വ്യക്തമാക്കിയിരുന്നു.