Aranmula; Kummanam against KGS group

kummanam

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് ഷെയറുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായിട്ടുണ്ടെന്നും കെജിഎസ് കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അസത്യമായ കാര്യങ്ങളായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

പദ്ധതിക്ക് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്ന് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച കെജിഎസ് കമ്പനി പദ്ധതിക്കതിരായി കേസുകളൊന്നും നിലവില്‍ ഇല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആറന്മുള പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ സുഗതകുമാരി നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, ലാന്‍ഡ് ബോര്‍ഡില്‍ കേസുണ്ട്, ജില്ലാ കളക്ടര്‍ മുന്‍പാകെ നിരവധി പരാതികള്‍ പദ്ധതിക്കെതിരായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കുമ്മനം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് മന്ത്രാലയങ്ങള്‍ പദ്ധതിക്ക് നല്‍കിയ അനുമതി റദ്ദാക്കിയെന്നും കുമ്മനം വ്യക്തമാക്കി.

Top