പത്തനംതിട്ട: അരവണ ടിന്നുകളുടെ ക്ഷാമം മൂലം ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു. ഒരു ഭക്തന് അഞ്ച് ടിന്‍ വീതം അരവണ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്. ഇന്ന് കൂടുതല്‍ അരവണ ടിന്നുകള്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ കൂടിയാണ് നിയന്ത്രിത തോതില്‍ അരവണ നല്‍കുന്നത്. അതേസമയം ഇന്നും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൊടിമരത്തിന് താഴെ പോലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ കയര്‍ കെട്ടി ഭക്തരെ നിയന്ത്രിക്കേണ്ടി വന്നു. ഫ്ളൈ ഓവറിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
1,00,317 പേരാണ് ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്. ഇന്ന് 80,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ഭക്തര്‍ക്ക് ഈ മാസം 10-ാം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ്ങ് സംവിധാനം ഉണ്ടാകില്ല. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 50000 ആയും 15 ന് ബുക്കിങ്ങ് 40000 ആയും പരിമിതപ്പെടുത്തിയിരുന്നു.
മകരവിളക്ക് ദിനത്തിന് നാല് ദിവസം മുമ്പ് മുതല്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ മകര ജ്യോതി ദര്‍ശനവും കഴിഞ്ഞേ മലയിറങ്ങാറുള്ളൂ. ഇത് മുന്‍കൂട്ടി കണ്ടാണ് 14, 15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പരിമിതപ്പെടുത്തിയത്. 14ന് 50000 ആയും മകരവിളക്ക് ദിനമായ 15ന് 40000 ആയും ആണ് പരിമിതപ്പെടുത്തിയത്.