ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയ കാരണത്തെക്കുറിച്ച് മനസ് തുറന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
മികച്ച പ്രചരണമായിരുന്നു നടത്തിയിരുന്നതെങ്കിലും രാജ്യത്തെങ്ങും ആഞ്ഞടിച്ച് മോദി തരംഗം സ്വാഭാവികമായി ഡല്‍ഹിയിലും അലയടിച്ചതായി കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള ആദ്യകാരണം മോദി തരംഗം തന്നെയാണ്. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടത്. അതിനാല്‍ അതിനനുസൃതമായാണ് ജനം വോട്ടുചെയ്തത്. പരാജയത്തിന്റെ രണ്ടാമത്തെ കാരണം അതായിരുന്നു. ആം ആദ്മി പ്രവര്‍ത്തകരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് തോല്‍വിക്കുള്ള കാരണം വ്യക്തമാക്കി കെജ്രിവാള്‍ രംഗത്തെത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ മികച്ച ഭരണത്തിന് ജനം വോട്ടുചെയ്യും. ഒരഴിമതിയും ആം ആദ്മി സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഭരണനേട്ടങ്ങളും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.