കോൺഗ്രസ്സിന്റെ തല തിരിഞ്ഞ നിലപാട് ഡൽഹിയിൽ ബി.ജെ.പിക്ക് നേട്ടമായി !

ല്‍ഹിയില്‍ ഒരു സ്ത്രീയുടെ പകയില്‍ വെന്തുരുകിയത് പ്രതിപക്ഷ ഐക്യം. അതാണിപ്പോള്‍ കാവിപ്പടയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിന് കാരണം. അരവിന്ദ് കെജരിവാള്‍ എന്ന മുഖ്യമന്ത്രിയോടുള്ള പക ഒന്നു കൊണ്ടു മാത്രമാണ് ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കാതിരുന്നത്. ദീര്‍ഘകാലം ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിതിന്റെ തട്ടകത്തില്‍ വന്ന് തോല്‍പ്പിച്ചതിന്റെ പകയായിരുന്നു എല്ലാറ്റിനും കാരണം.

ആം ആദ്മി പാര്‍ട്ടി – കോണ്‍ഗ്രസ്സ് സഖ്യം ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ ഈ സഖ്യമായിരുന്നു സീറ്റുകള്‍ തൂത്തുവാരേണ്ടിയിരുന്നത്.പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ വിശ്വാസമില്ലാത്ത ഡല്‍ഹി ജനത ബി.ജെ.പിയെ പിന്തുണച്ചത് സ്വാഭാവികം മാത്രമാണ്.

ചോദിച്ചതും ചോദിക്കാത്തതുമായ സകല ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടും ആം ആദ്മി പാര്‍ട്ടിയെയും ഡല്‍ഹി ജനത കൈവിട്ടു. അവര്‍ അവിടെ നോക്കിയത് കേന്ദ്രം ഭരിക്കാന്‍ സാധ്യതയുള്ള ഒരു സംവിധാനത്തെ മാത്രമാണ്.അക്കാര്യത്തില്‍ മോദിയോട് ഏറ്റുമുട്ടാന്‍ ഒരു നേതാവിനെ അവതരിപ്പിക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. ഇതേ ജനത നിയമസഭാ തിരഞ്ഞെടുപ്പ് വന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ തന്നെ വീണ്ടും അധികാരത്തിലേറ്റാനും സാധ്യത ഏറെയാണ്.

കാരണം മുഖ്യമന്ത്രി കെജരിവാളില്‍ അവര്‍ക്ക് വിശ്വാസമുണ്ട്. കേരളം പോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പും ലോക്‌സഭ തിരഞ്ഞെടുപ്പും രണ്ടായി കണ്ടാണ് കുറച്ചു കാലമായി ഡല്‍ഹി നിവാസികള്‍ വോട്ട് ചെയ്യുന്നത്.ആശയപരമായ കടുത്ത വിയോജിപ്പുകള്‍ മാറ്റി വച്ചാണ് ഡല്‍ഹിയിലെ 7 സീറ്റുകളില്‍ കോണ്‍ഗ്രസ്സുമായി ധാരണയിലെത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചത്. അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി എന്ന ശത്രുവിനെതിരെ സഹകരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കാണിച്ച വിട്ടുവീഴ്ചയാണ് ഷീലാ ദീക്ഷിത്തിന്റെ പകയില്‍ തട്ടി തെറിച്ചത്.

ആന്ധ്രയിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയിലേക്കാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിനെ ഷീല ദീക്ഷിത് കൊണ്ടു പോകുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി ധാരണ ഉണ്ടാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം പോലും തള്ളാന്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പ്രേരിപ്പിച്ചത് സോണിയ ഗാന്ധിയുമായുള്ള അടുപ്പമാണ്. എ.കെ ആന്റണിയുടെ ശക്തമായ പിന്തുണയും ഇക്കാര്യത്തില്‍ ഷീലാ ദീക്ഷിത്തിന് ലഭിച്ചു.

ഇവര്‍ക്കൊപ്പം മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അജയ് മാക്കനും സഖ്യത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതാടെയാണ് മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സഖ്യമായിരുന്നു എങ്കില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു.

സഖ്യം അണികള്‍ക്ക് ദഹിക്കില്ലന്ന വാദമാണ് ഷീല ദീക്ഷിതും അജയ് മാക്കനും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ്സിനെ പൂജ്യത്തില്‍ ഒതുക്കിയതാണ് എതിര്‍പ്പിന്റെ അടിസ്ഥാന കാരണമെന്നതാണ് വസ്തുത. മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ബി.ജെ.പിയെ സഹായിക്കുകയാണെന്നാണ് കെജരിവാള്‍ ആരോപിച്ചിരുന്നത്. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

ബി.ജെ.പി വിജയിച്ചാലും ആം ആദ്മി പാര്‍ട്ടി വിജയിക്കരുതെന്ന ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ആഗ്രഹം എന്തായാലും ഇപ്പോള്‍ നടന്ന് കഴിഞ്ഞു. ഈ പരാജയത്തിന് കോണ്‍ഗ്രസ്സ് നേതൃത്വം ഇനി മറുപടി പറയേണ്ടി വരും. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ നേതൃത്വം വഹിക്കേണ്ട പാര്‍ട്ടിയാണ് ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിച്ചിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലും സീറ്റുധാരണ ഉണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഹരിയാനയിലും പഞ്ചാബിലും ഏതാനും സീറ്റുകള്‍ വിട്ടു നല്‍കാനും നേതൃത്വം തയ്യാറായില്ല.ഈ സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് നല്ല വോട്ട് ബാങ്കാണ് ഉണ്ടായിരുന്നത്. എത്ര വലിയ മോദി തരംഗം ഉണ്ടായാലും പിടിച്ചു നില്‍ക്കാന്‍ പറ്റുമായിരുന്ന സാഹചര്യമാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ കെജരിവാളല്ല പരാജയപ്പെട്ടത്, പ്രതിപക്ഷം ആകെയാണ്.രാജ്യ തലസ്ഥാനത്ത് ഒരു പ്രഹരം കാവിപടക്ക് ഏല്‍പ്പിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അത് വലിയ വിജയമാകുമായിരുന്നു. ഇപ്പോള്‍ തന്നെ മോദി സര്‍ക്കാറിനെ ഏറെ അസ്വസ്ഥമാക്കുന്നത് മൂക്കിന് തുമ്പത്ത് കെജരിവാള്‍ ഇരിക്കുന്നതാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് രാജ്യ തലസ്ഥാനം പിടിക്കാന്‍ പറ്റാത്തത് കഴിവുകേടായാണ് ലോക മാധ്യമങ്ങളും വിലയിരുത്തിയിരുന്നത്. അതു കൊണ്ട് തന്നെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാശിയോടെ ബി.ജെ.പി പ്രവര്‍ത്തിച്ചത്. ശക്തമായ ത്രികോണ മത്സരത്തില്‍ വിജയം അവര്‍ക്ക് എളുപ്പവുമായി.

Top