ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ ആദ്യഘട്ടത്തിലെ 100 ഹോട്ട്സ്‌പോട്ടുകള്‍ ഡിസംബര്‍ 16 ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യ വൈഫൈ നല്‍കും എന്നത് ഞങ്ങളുടെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നു. അതിനാല്‍ 11,000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കും, അതില്‍ 4000 ഹോട്ട്സ്‌പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 ഹോട്ട്സ്‌പോട്ടുകള്‍ മാര്‍ക്കറ്റുകളിലും സ്ഥാപിക്കും. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതി നടപ്പാക്കാന്‍ 100 കോടി രൂപയോളം ചെലവുവരും. ഓരോ ആഴ്ചയിലും 500 വൈഫൈ-ഹോട്ട്സ്പോട്ടുകള്‍ വീതം 6 മാസത്തിനുള്ളില്‍ ഈ 11,000 ഹോട്ട്സ്പോട്ടുകളും സ്ഥാപിക്കും. ഈ നടപടി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് മേഖലകളിലെ ആളുകള്‍ക്കും സഹായകമാകും എന്നും”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ തലസ്ഥാനത്തുടനീളം 2.80 ലക്ഷം സിസിടിവി ക്യാമറകളും 11,000 സൗജന്യ വൈഫൈ – ഹോട്ട്സ്‌പോട്ടുകളും സ്ഥാപിക്കുമെന്ന് ഓഗസ്റ്റില്‍ തന്നെ കെജ്‌രിവാള്‍ അറിയിച്ചിരുന്നു. അതാണ് ഇപ്പോള്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. നേരത്തെ പല വാഗ്ദാനങ്ങളും നിറവേറ്റി മോദി സര്‍ക്കാരിന്റെ കണ്ണു തള്ളിച്ചിരുന്നു കെജ്‌രിവാള്‍.