ന്യൂഡല്‍ഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ സര്‍ക്കാറിനോട് രാഷ്ട്രീയം കളിക്കരുതെന്നും അത് സര്‍ക്കാറിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഉദ്യോഗസ്ഥര്‍ നിക്ഷ്പക്ഷവും സുതാര്യമായും പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാറിന്റെ ഭാഗമാവണമെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വിസ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ഡല്‍ഹി ജനത നല്‍കിയ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയം സര്‍ക്കാറിലുള്ള ജനങ്ങളുടെ വിശ്വാസമാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹങ്ങളാണ് ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സഹായങ്ങള്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും കെജ്‌രിവാള്‍ സര്‍ക്കാറും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നില നിന്നിരുന്നു.