മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പഞ്ചാബില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കെജ്രിവാള്‍; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തില്‍ കെജ്രിവാള്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാള്‍ വിളിച്ചുകൂട്ടിയത്. ചീഫ് സെക്രട്ടറി, സെക്രട്ടറി, പവര്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് വിവാദത്തിലായത്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് നടക്കുന്നതെന്നും ഇത് സ്വയംഭരണാവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കെജ്രിവാളും മുഖ്യമന്ത്രി ഭഗവന്ത്മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു രംഗത്തെത്തി.

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വെറും റബ്ബര്‍ സ്റ്റാമ്പാണെന്ന് തെളിയിച്ചിരിക്കുകയാണ്. കെജ്രിവാള്‍ പഞ്ചാബിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് മുന്നേ പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പ്രതികരിച്ചു.

എന്നാല്‍, സംഭവത്തില്‍ കെജ്രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്തുചെയ്യാനാവുമെന്ന് ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരെ വിളിച്ചതായിരുന്നു. ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും എ.എ.പി വക്താവ് മല്‍വീന്ദര്‍ സിങ് പറഞ്ഞു. എതിര്‍ക്കുന്നതിന് പകരം പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എ.എ.പിയുടെ ദേശീയ കണ്‍വീനറായ കെജ്രിവാളിനോട് എല്ലാ ഉപദേശങ്ങളും തങ്ങള്‍ തേടാറുണ്ടെന്നും ഇത് പഞ്ചാബിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

Top