കൊച്ചി: ഡബ്യൂസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സാങ്കേതിക പ്രവര്‍ത്തകന്‍ ഷെറിന്‍ സ്റ്റാന്‍ലിയ്‌ക്കെതിരെ അഭിനേത്രിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അര്‍ച്ചന പത്മിനി രംഗത്തെത്തി.
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിച്ച സമയം ഷെറിനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പൊലീസില്‍ പരാതി പെട്ടിട്ട് കാര്യമില്ലാത്തതിനാല്‍ അത് ചെയ്തില്ലെന്നും അര്‍ച്ചന പറഞ്ഞു.
ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് പത്മപ്രിയ പറഞ്ഞത്.
കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.