കോട്ടയം: നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്ക് എതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ലെന്നാണ് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ നിലപാട്. ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ജോസഫ് പെരുന്തോട്ടത്തിന്റെ പ്രതികരണം.
സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നതാണ്. കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാര്‍പോലും ഇതിന് ഇരയാകുന്നു. പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. ഇതു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ മയക്കുമരുന്നു കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഇല്ലാതാക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടത്. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടായിട്ടും അധികാരികള്‍ നിസംഗത പാലിക്കുകയാണ്. ഈ നിലപാട് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും. ഈ സാഹചര്യത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ ഗൗരവത്തോടെ കാണണം. രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടവരാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നതിനും തുറന്ന മനസോടെ ചര്‍ച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവര്‍ തയാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പത്രമാധ്യമങ്ങളും പുലര്‍ത്തുന്ന പക്ഷപാതപരമായ നിലപാടുകള്‍ തിരുത്തപ്പെടേണ്ടവയാണ്. സാമൂഹിക തിന്മകളുടെനേരെ ധാര്‍മികതയുടെ ശബ്ദമായ സഭയ്ക്ക് മൗനം പാലിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.