അമ്പെയ്ത്ത് താരങ്ങളായ അതാനു ദാസും ദീപിക കുമാരിയും വിവാഹിതരാവുന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍നിര അമ്പെയ്ത്ത് താരങ്ങളായ ബംഗാള്‍ സ്വദേശി അതാനു ദാസും (28) ജാര്‍ഖണ്ഡുകാരി ദീപിക കുമാരിയും (26) വിവാഹിതരാവുന്നു. ജൂണ്‍ 30നു റാഞ്ചിയിലാണ് വിവാഹം നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വിവാഹം. ‘അതിഥികള്‍ വന്നാലുടന്‍ മാസ്‌ക്കും സാനിറ്റൈസറും നല്‍കും.
സാമൂഹിക അകലം പാലിക്കാന്‍ വലിയ ഹാളിലാണ് ചടങ്ങു നടത്തുന്നത്’ ദീപിക പറഞ്ഞു.

വിവാഹവിരുന്നിന് 2 സമയം നിശ്ചയിച്ചിട്ടുണ്ട്. ഒരെണ്ണം പുറമേനിന്നുള്ള അതിഥികള്‍ക്കും മറ്റൊരെണ്ണം കുടുംബാഗങ്ങള്‍ക്കു മാത്രമായും. ടോക്കിയോ ഒളിംപിക്‌സിനുള്ള പരിശീലനം സെപ്റ്റംബറോടെയെങ്കിലും തുടങ്ങേണ്ടതു കൊണ്ടാണു കോവിഡ് കാലത്തുതന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചത്.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപികയുടെ പേരില്‍ 2 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും 4 ലോകകപ്പ് സ്വര്‍ണവുമുണ്ട്. ലോകകപ്പിലും ലോക ചാംപ്യന്‍ഷിപ്പിലും മെഡല്‍ ജേതാവാണ് അതാനു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെ അതാനു ഉള്‍പ്പെട്ട പുരുഷ ടീം ഒളിംപിക് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. തുടര്‍ച്ചയായ 3ാം ഒളിംപിക്‌സിലേക്കു ദീപികയും യോഗ്യത നേടിക്കഴിഞ്ഞു.

Top