Are the Panama Papers blocking Amitabh Bachchan’s Incredible India ambassadorship

ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന്‍ കേന്ദ്ര സര്‍ക്കാറിന്റെ വിനോദസഞ്ചാര കാമ്പയിനായ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത് വൈകും. കള്ളപ്പണക്കാരുടെതായി പുറത്തുവന്ന പനാമ രേഖകളില്‍ പേരുള്ളതിനാലാണ് ബച്ചന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം പുറത്തുവന്നിട്ടില്ല. ഈ മാസം തന്നെ ബച്ചന്റെ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണ ആരോപണത്തില്‍ ബച്ചന്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷമെ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകൂ. അതേസമയം, പനാമ പേപ്പേഴ്‌സില്‍ പേരുവന്നതും ബച്ചന്റെ നിയമനവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ചില കേന്ദ്രങ്ങള്‍ തരുന്ന വിശദീകരണം.

നടന്‍ ആമിര്‍ ഖാനെ മാറ്റിയതിനെ തുടര്‍ന്നാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യക്കായി പുതിയ അംബാസിഡറെ കേന്ദ്ര സര്‍ക്കാര്‍ തേടിയത്. അസഹിഷ്ണുതാ വിവാദത്തില്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ആമിര്‍ ഖാന്റെ സ്ഥാനം തെറിച്ചത്.

അടുത്തിടെ പുറത്തായ കള്ളപ്പണക്കാരുടെ ലിസ്റ്റിലാണ് ബച്ചന്റെ പേരുള്ളത്. നാല് കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനം ബച്ചനുണ്ടെന്നാണ് പട്ടികയില്‍ വെളിപ്പെട്ടത്. മരുമകളും നടിയുമായ ഐശ്വര്യാ റായിയുടെ പേരും പട്ടികയിലുണ്ട്. എന്നാല്‍ തനിക്ക് കള്ളപ്പണ നിക്ഷേപമില്ലെന്നാണ് ബച്ചന്റെ നിലപാട്.

Top