കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും.
വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും.
സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന മോദി പ്രത്യേകവിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.
കേരളത്തിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ പ്രചാരണത്തിനെത്തുന്നില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും.