ലോകകപ്പ്‌ യോഗ്യത; അർജന്റീന ഉറുഗ്വേയോട്‌, മെസി കളിക്കാൻ സാധ്യത

മൊണ്ടെവിഡെയോ: ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതയിൽ വമ്പൻമാർ ഏറ്റുമുട്ടുന്നു. അർജന്റീന ഉറുഗ്വേയെ നേരിടും. നാളെ പുലർച്ചെ 4.30നാണ്‌ കളി. ഉറുഗ്വേയുടെ തട്ടകത്തിലാണ്‌ മത്സരം. 10 ടീമുകൾ മത്സരിക്കുന്ന റൗണ്ടിൽ അഞ്ചു ടീമുകൾക്കാണ്‌ യോഗ്യത. ആദ്യ നാല്‌ സ്ഥാനക്കാർ നേരിട്ടെത്തും. അഞ്ചാമൻമാർ പ്ലേ ഓഫ്‌ കളിക്കണം.

12 കളിയിൽ 34 പോയിന്റുള്ള ബ്രസീൽ യോഗ്യത നേടി. അർജന്റീന(25) രണ്ടാമതുണ്ട്‌. ഇക്വഡോറിനും കൊളംബിയക്കും പിന്നിൽ 16 പോയിന്റുള്ള ഉറുഗ്വേക്ക്‌ ശേഷിക്കുന്ന കളികൾ നിർണായകമാണ്‌.  ബുധൻ പുലർച്ചെ ഇരുവരും മുഖാമുഖം എത്തുന്നുണ്ട്‌. അർജന്റീനയിലാണ് കളി.

പിഎസ്‌ജിക്കായി അവസാനകളികളിൽ പുറത്തിരുന്ന ലയണൽ മെസി അർജന്റീന ടീമിനൊപ്പമുണ്ട്‌. പേശീവലിവ്‌ കാരണമായിരുന്നു മെസി പിന്മാറിയത്‌. എന്നാൽ, അർജന്റീന ക്യാമ്പിൽ മുപ്പത്തിനാലുകാരൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. കളിക്കുമെന്നാണ്‌ വിവരം. അവസാന 25 കളിയിൽ തോൽവിയറിയാതെ മുന്നേറുന്ന അർജന്റീനയ്‌ക്കാണ്‌ മുൻതൂക്കം. സമീപകാലങ്ങളിൽ മൂന്നുവട്ടം ഏറ്റുമുട്ടിയപ്പോഴും മെസിക്കും കൂട്ടർക്കുമായിരുന്നു ജയം.

 

Top