ബ്യൂണസ് അയേഴ്‌സ് : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യാതാ റൗണ്ട് മത്സരങ്ങള്‍ക്ക് ഒരുങ്ങി അര്‍ജന്റീനയും ബ്രസീലും. ലിയോണല്‍ മെസിയും നെയ്മര്‍ ജൂനിയറുമാണ് ഇരുടീമിലെയും പ്രധാന ആകര്‍ഷണം. ലോക ചാന്പ്യന്‍മാരുടെ തിളക്കത്തോടെ അര്‍ജന്റീന. പ്രതാപം വീണ്ടെടുക്കാന്‍ ബ്രസീല്‍. യോഗ്യതാ മത്സരങ്ങള്‍ക്കായി ഇരുടീമുകളുടെയും പരിശീലനം സജീവമായി. 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കാനൊരുങ്ങുകയാണ് മെസിയും നെയ്മറും. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ കളിക്കുമോ എന്നുറപ്പില്ല. അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.
നാളെ പുലർച്ചെ ഇന്ത്യന്‍സമയം അഞ്ചരയ്ക്കാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ഇക്വഡോറാണ് എതിരാളികള്‍. ലോകകപ്പില്‍ കളിച്ച ഡിബാല, അക്യൂന എന്നിവര്‍ ഒഴികെയുള്ളവരെല്ലാം അര്‍ജന്റൈന്‍ നിരയിലുണ്ട്. ലോ സെല്‍സോയും പുറത്താണ്. മുപ്പത്തിയാറാം വയസിലും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസിയുടെ ഇടങ്കാലില്‍ തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയത്രയും. മെസിക്കൊപ്പം ഗോളടിക്കാന്‍ കോച്ച് ലിയോണല്‍ സ്‌കോലോണി ലാതുറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ് എന്നിവരില്‍ ആരെ തെരഞ്ഞെടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
എമി മാര്‍ട്ടിനസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നിക്കോളാസ് ഓട്ടമെന്‍ഡി, നിക്കോളാസ് ടഗ്ലിയാഫിക്കോ, ലിയാന്‍ഡ്രോ പരേഡസ്, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റര്‍, ഏഞ്ചല്‍ ഡി മരിയ, അലയാന്ദ്രോ ഗര്‍ണാച്ചോ തുടങ്ങിയവരും അര്‍ജന്റൈന്‍ നിരയിലുണ്ട്.
ബ്രസീലിന് ആദ്യമത്സരത്തില്‍ ബൊളിവിയയാണ് എതിരാളികള്‍. ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെയാണ് മത്സരം. ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണിയെ പുറത്താക്കിയതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തി. അലിസണ്‍ ബെക്കര്‍, എഡേഴ്‌സണ്‍, മാര്‍ക്വീഞ്ഞോസ്, ഡീനിലോ, ബ്രൂണോ ഗിമെറെയ്‌സ്, കാസിമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവരും ബ്രസീലില്‍ നിരയിലുണ്ട്. താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ കൊളംബിയ, വെനസ്വേലയെയും ഉറൂഗ്വേ, ചിലെയെയും പരാഗ്വേ, പെറുവിനെയും നേരിടും.